പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്‍റെ കുടുംബം, വിചാരണ നിർത്തിവെച്ചു
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണക്കിടെ നാടകീയ സംഭവവികാസങ്ങളുണ്ടായതിനെ തുടർന്ന് മണ്ണാർക്കാട് പട്ടിക ജാതി-പട്ടിക വർഗ സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ വിചാരണ നിർത്തിവെച്ചു. ജൂൺ 14ന് പുനരാരംഭിക്കും.
വെള്ളിയാഴ്ച കേസിലെ 12, 13 പ്രതികളായ അനിൽകുമാർ, സുരേഷ് എന്നിവരെയാണ് വിചാരണ ചെയ്യാൻ തീരുമാനിച്ചിരുന്നത്. കോടതി കൂടിയ ഉടനെ മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കേസിൽ സ്പെഷൽ പ്രേസിക്യൂട്ടർ സ്ഥാനത്ത് നിന്നു അഡ്വ. സി. രാജേന്ദ്രനെ ഒഴിവാക്കി പകരം നിലവിലുള്ള അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. രാജേഷ് എം. മേനോന് ചുമതല നൽകണം എന്നാവശ്യപ്പെട്ട് അപേക്ഷ നൽകി.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിചാരണ കോടതിക്ക് അധികാരമില്ലെന്നും ഇക്കാര്യം സർക്കാറും ഹൈകോടതിയുമാണ് തീരുമാനിക്കേണ്ടതെന്നും ജഡ്ജി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സർക്കാറിനും ഗവർണർക്കും ഹൈകോടതിയുൾപ്പെടെ കേന്ദ്രങ്ങൾക്കും അപേക്ഷ നൽകിയതായി ബന്ധുക്കൾ അറിയിച്ചു. ഇതോടെ താൽക്കാലികമായി വിചാരണ നീട്ടിവെക്കുകയായിരുന്നു.
പ്രതിഭാഗം ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചു. കേസ് നീട്ടിക്കൊണ്ടുപോകുന്ന നീക്കം ശരിയല്ലെന്നും പരാജയ സാധ്യത മുന്നിൽ കണ്ടുള്ള നാടകമാണ് പ്രോസിക്യൂഷന്‍റേതെന്നും പ്രതിഭാഗം വാദിച്ചു. നിലവിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജേന്ദ്രന്റെ വിചാരണ നടപടികളുടെ കാര്യപ്രാപ്തിയിൽ വിശ്വാസമില്ലെന്നും പ്രധാന സാക്ഷികളെല്ലാം കൂറ് മാറിയത് ആശങ്കാജനകമാണെന്നും കഴിഞ്ഞ രണ്ടു ദിവസത്തെ വിചാരണയിലും പ്രോസിക്യൂഷൻ ഭാഗം ശക്തമായിരുന്നില്ലെന്നും അത് കൊണ്ടാണ് മാറ്റാൻ അപേക്ഷ നൽകിയതെന്നും മധുവിന്റെ അമ്മയും സഹോദരിയും മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രധാനപ്പെട്ട കേസുകളിൽ പലതിലും സാക്ഷികൾ കൂറ് മാറുന്നത് അസാധാരണ സംഭവമല്ലെന്നും വിചാരണയുടെ പ്രാരംഭ ഘട്ടത്തിൽ രണ്ട് സാക്ഷികൾ കൂറ് മാറിയെന്നത് പ്രോസിക്യൂഷന്റെ കാര്യക്ഷമതയുടെ കുറവായി കാണാനാകില്ലെന്നും ഇതിന്റെ പേരിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്നുമാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.