മധു വധം: വിധി ഈ മാസം 30ലേക്ക് മാറ്റി
text_fieldsമണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിധി ഈ മാസം 30 ലേക്ക് മാറ്റി. അന്തിമവാദം പൂർത്തിയായ കേസ് ശനിയാഴ്ച വീണ്ടും പരിഗണിച്ചിരുന്നു. വിധി പറയാൻ സാധ്യത കൽപിച്ചിരുന്നെങ്കിലും പൂർണമായും തയാറാക്കി കഴിയാത്തതിനാലാണ് മാറ്റിവെച്ചത്. അന്നേ ദിവസം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ അറിയിച്ചു.
2018 ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ മധു മരിച്ചത്. ആൾക്കൂട്ടത്തിന്റെ മർദനത്തിലാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പൊലീസ് അന്നുതന്നെ കേസെടുത്തു. സംഭവത്തിൽ 16 പേർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. 2022 ഏപ്രിൽ 22നാണ് വിചാരണ തുടങ്ങിയത്. 122 സാക്ഷികളാണുണ്ടായിരുന്നത്. അവസാനിക്കുമ്പോൾ 129 സാക്ഷികളായി. ഇതിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 79 പേർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയപ്പോൾ, 24 പേർ കൂറുമാറി. പ്രതികൾക്ക് വിചാരണ ആരംഭിക്കാതിരുന്നതോടെ ജാമ്യം ലഭിച്ചു. സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
2019 ൽ വി.ടി. രഘുനാഥിനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല. വിചാരണ നീളുകയും കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടർന്ന് ഹൈകോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം. മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് രാജേന്ദ്രൻ രാജിവെച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷൽ േപ്രാസിക്യൂട്ടർ. ഈ മാസം നാലിനാണ് അന്തിമവാദം പൂർത്തിയായത്. നീതി ലഭിക്കുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും പോരാട്ടങ്ങൾക്ക് ഫലം കാണുമെന്നും മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ പറഞ്ഞു. ഇരുവരും ശനിയാഴ്ച കോടതിയിൽ എത്തിയിരുന്നു.