മധു വധക്കേസ്: കൂറുമാറിയ സാക്ഷിക്ക് പൂർണ കാഴ്ചശക്തിയെന്ന് നേത്രരോഗ വിദഗ്ധ
text_fieldsമണ്ണാർക്കാട്: മധു വധക്കേസിൽ സി.സി.ടി.വി ദൃശ്യങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് പറഞ്ഞ സാക്ഷിയുടെ കണ്ണുകൾ പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിച്ചു. ദൃശ്യങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടർന്ന്, കൂറുമാറിയ 29ാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ച കോടതി ഉത്തരവുപ്രകാരം പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനക്കു ശേഷം പുനർ വിസ്താരത്തിലും സുനിൽകുമാർ ദൃശ്യങ്ങൾ കാണുന്നില്ലെന്ന നിലപാട് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിച്ച ഡോക്ടറോട് ഹാജറാകാൻ കോടതി നിർദേശിച്ചത്.
ഇതുപ്രകാരം പാലക്കാട് ജില്ല ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. നയന രാമൻകുട്ടി ശനിയാഴ്ച കോടതിയിൽ ഹാജറായി. തന്റെ പരിശോധനയിൽ സാക്ഷിക്ക് പൂർണ കാഴ്ചശക്തിയുണ്ടെന്ന് ഡോ. നയന ബോധിപ്പിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സുനിൽ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കും. 36ാം സാക്ഷി അബ്ദുൽ ലത്തീഫിന്റെ തിരിച്ചറിയൽ രേഖകളിലെ ഫോട്ടോയും സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് പരിശോധനക്ക് വിടണമെന്ന ആവശ്യം പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി. ദൃശ്യങ്ങളിൽ കാണുന്നത് തന്റെ രൂപമല്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ഈ ആവശ്യം ഉന്നയിച്ചത്.
കോടതിയിലെ വിചാരണ നടപടികൾ റെക്കോഡ് ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി വിശദാംശം ആരാഞ്ഞു. ഇക്കാര്യത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും റെക്കോഡ് ചെയ്യുമ്പോൾ മുഴുവനായും വേണമെന്നും പ്രതിഭാഗം അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന്റെ ചെലവ് ആര് വഹിക്കുമെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. കോടതിയിലെ വിഡിയോ കോൺഫറൻസിങ്ങിനായി ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗിക്കാമെന്ന് പ്രോസിക്യൂഷൻ സൂചിപ്പിച്ചു. എന്നാൽ, ഈ സംവിധാനത്തിന്റെ പ്രവർത്തനക്ഷമത സംബന്ധിച്ചുള്ള ആശങ്ക കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യവും തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

