മധു വധം: 16 പേർക്കെതിരെ കൊലക്കുറ്റം
text_fieldsമണ്ണാർക്കാട്: ആദിവാസി യുവാവ് മധുവിെൻറ കൊലപാതക കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിടിയിലായ 16 പേർക്കെതിരെയും കൊലക്കുറ്റം ചുമത്തി. പട്ടികവർഗ പീഡന നിരോധന നിയമം, സംഘം ചേർന്ന് മർദിക്കൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തി ചൊവ്വാഴ്ചയാണ് മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അഗളി മുൻ ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് 440 പേജുള്ള കുറ്റപത്രം തയാറാക്കിയത്. അനധികൃതമായി വനത്തിൽ പ്രവേശിച്ചതിന് വനം വകുപ്പും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
പാക്കുളം ഹുസൈൻ, മുക്കാലി കിളയിൽ മരയ്ക്കാർ, കൽക്കണ്ടി കുന്നത്ത് വീട്ടിൽ അനീഷ്, താഴുശേരിയിൽ രാധാകൃഷ്ണൻ, ആനമൂളി പൊതുവച്ചോലയിൽ അബൂബക്കർ, മുക്കാലി പടിഞ്ഞാറെ പള്ളി വീട്ടിൽ സിദ്ദീഖ്, മുക്കാലി തൊട്ടിയിൽ വീട്ടിൽ ഉബൈദ്, മുക്കാലി വിരുത്തിയിൽ നജീബ്, മണ്ണമ്പറ്റ വീട്ടിൽ ജെയ്ജു മോൻ, മുക്കാലി ചോലയിൽ അബ്ദുൽ കരീം, പുത്തൻപുരയ്ക്കൽ സജീവ്, മൂരിക്കട വീട്ടിൽ സതീശ്, ചെരിവിൽ വീട്ടിൽ ഹരീഷ്, ചെരിവിൽ വീട്ടിൽ ബിജു, മുക്കാലി വിരുത്തിയിൽ മുനീർ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 23നാണ് മുക്കാലി ചിണ്ടക്കി ഊരിൽ പരേതനായ മല്ലെൻറയും മല്ലിയുടെയും മകൻ മധു (30) കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് പ്രതികൾ സംഘം ചേർന്ന് മധുവിനെ വനത്തിലെ ഗുഹയിൽനിന്ന് പിടികൂടുകയായിരുന്നു. വനത്തിലും പിന്നീട് മുക്കാലി കവലയിലും പ്രതികൾ മധുവിനെ മർദിച്ചിരുന്നു. തുടർന്ന് പൊലീസിൽ ഏൽപ്പിച്ച മധു സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. തലക്കും വാരിയെല്ലിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് മൃതദേഹ പരിശോധനാഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
