മധുവിെൻറ കൊലപാതകം: അന്വേഷണം വ്യാപിപ്പിക്കും
text_fieldsഅഗളി: മധുവിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. സംഭവദിവസത്തിന് മുമ്പും മധുവിന് മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചെറുതും വലുതുമായ അമ്പതോളം മുറിവുകളാണ് മധുവിെൻറ ശരീരത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനും സാധ്യതയുണ്ട്. മധുവിനെ മുക്കാലി കവലയിൽ കെട്ടിയിട്ട് മർദിക്കുന്നതും വിചാരണ ചെയ്യുന്നതുമായ വിഡിയോയുടെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം. എന്നാൽ, മരണത്തിന് രണ്ടുദിവസം മുമ്പ് മധു മർദനത്തിന് ഇരയായിട്ടുണ്ടെന്ന തെളിവുകൾ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണമാകും. സംഭവവുമായി ബന്ധപ്പെട്ട് 16 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.
മധു താമസിച്ചിരുന്ന ഗുഹയുടെ സമീപപ്രദേശത്ത് വനം വകുപ്പിെൻറ തേക്ക് പ്ലാേൻറഷനിൽ മരംമുറി നടക്കുന്നുണ്ട്. ഇവിടത്തെ തൊഴിലാളികൾ മധുവിനെ കൈയേറ്റം ചെയ്തിട്ടുണ്ടോയെന്നും മധുവിനെ നാട്ടുകാർക്ക് കാണിച്ചു കൊടുത്തിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും.
വനംവകുപ്പ് വിജിലൻസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഈ തൊഴിലാളികളാണ് മധുവിനെ കൊലയാളികൾക്ക് കാണിച്ചുകൊടുത്തതെന്ന് പറയുന്നുണ്ട്. മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഇവിടെ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനപാലകർ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വനം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. കാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് വനംവകുപ്പ് അന്വേഷണം നടത്തിയത്.
ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ഞായറാഴ്ച രാത്രിയിലും ചോദ്യംചെയ്യൽ തുടരുകയാണ്. അഗളി ഡിവൈ.എസ്.പി ടി.കെ. സുബ്രഹ്മണ്യെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്ച പ്രതികളെ തെളിവെടുപ്പിനായി മുക്കാലിയിലെത്തിക്കും. മധുവിനെ പ്രതികൾ പിടികൂടിയ വനപ്രദേശം, കെട്ടിയിട്ട് മർദിച്ച മുക്കാലി കവലയിലെ ബസ്സ്റ്റേഷൻ കേന്ദ്രം എന്നിവിടങ്ങിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കും.
16 പ്രതികളിൽ 11 പേരെയാണ് നിലവിൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുള്ളത്. മറ്റുള്ളവരെ വിട്ടുകിട്ടാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകുമെന്ന് അഗളി ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
