മധു വധക്കേസ്: വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിലേക്ക്
text_fieldsപാലക്കാട്: മധു വധക്കേസിൽ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിലേക്ക്. കേസിൽ അപ്പീൽ നൽകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നുവെന്നും ഭയത്തോടെയാണ് ഇപ്പോൾ ജീവിക്കുന്നതെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കേസിൽ നിയമസഹായം തേടി കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരി സരസു പറഞ്ഞു.
മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. അട്ടപ്പാടിയിലെ മധു കൊലക്കേസിൽ രണ്ടാം പ്രതി മുതൽ 12 പ്രതികൾക്ക് ഹൈകോടതി ജീവപര്യന്തം വിധിച്ചിരുന്നു. രണ്ടര ലക്ഷം രൂപ വെച്ച് 12 പ്രതികളും പിഴയടക്കണമെന്നും കോടതി വിധിച്ചു. 16-ാം പ്രതിയായ മുനീർ ഒഴികെയുള്ള പ്രതികൾക്കാണ് നേരത്തെ ഏഴ് വർഷമുണ്ടായിരുന്ന ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്. 16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷമാക്കിയാണ് ഹൈകോടതി മാറ്റിയത്.
രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12-ാം പ്രതി സജീവ്, 13-ാം പ്രതി സതീഷ്, 14-ാം പ്രതി ഹരീഷ്, 15-ാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈകോടതി വെറുതെവിട്ടിരുന്നു. ഹുസൈനെതിരെ തെളിവുകളില്ലെന്ന് നേരത്തെ വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈകോടതിയും ശിക്ഷ റദ്ദാക്കുകയും തെളിവുകളില്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തത്.
16 പ്രതികളുണ്ടായിരുന്ന കേസിൽ രണ്ട് പ്രതികളെ നേരത്തെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈകോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22-നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയിൽ 34 കാരനായ മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു 16 പേർ അടങ്ങുന്ന സംഘം മധുവിനെ മർദിച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

