വീട്ടിലെ അംഗംപോലെ മാധവൻ കാള
text_fieldsകോട്ടാങ്ങൽ പുത്തൂർപടി പുത്തൂര്‍ വീട്ടിൽ രാധാകൃഷ്ണ പണിക്കരും
കാളക്കിടാവ് മാധവനും
കോട്ടാങ്ങൽ: പുത്തൂർപടിയിലെ രാധാകൃഷ്ണ പണിക്കരുടെ പുത്തൂര്‍ വീട്ടിലെ ഒരംഗവും സംരക്ഷകനുമാണ് മാധവൻ. പക്ഷേ, മനുഷ്യനല്ല തൊഴുത്തിലെ മൂരിക്കിടാവാണെന്ന് മാത്രം. രാധാകൃഷ്ണ പണിക്കർ ചിരിക്കാൻ പറഞ്ഞാൽ ചിരിക്കും മുത്തം നൽകാൻ പറഞ്ഞാൽ തല മുഖത്ത് കൊണ്ടുവന്ന് ഉരസി മുത്തം നൽകും.
വീട്ടുകാരുമായി അത്രക്കും ഇണങ്ങി കഴിയുകയാണ് ഈ മൂരിക്കുട്ടൻ. വീടിന്റെ ഉമ്മറത്തോ പരിസരത്തോ ആരെങ്കിലും വന്നാൽ വീട്ടുകാരെ വിവരം ധരിപ്പിക്കാൻ മൂക്കറയിട്ട് ശബ്ദം ഉണ്ടാക്കും. അപരിചിതരാണെങ്കിൽ ശബ്ദത്തിനു മറ്റൊരു രീതിയുമായിരിക്കും. എന്നാൽ, ആരെയും ഉപദ്രവിക്കാറില്ല.
ആർക്കുവേണമെങ്കിലും അടുത്ത് ചെല്ലാം. താൽപര്യമില്ലാത്തവരാണെങ്കിൽ മുഖംതിരിക്കുമെന്ന് മാത്രം. കൊച്ചുകുട്ടികളുമായി സംവദിക്കാനാണ് മാധവന് ഏറെയിഷ്ടമെന്ന് വീട്ടുകാർ പറയുന്നു. മദ്യത്തിന്റെയും മത്സ്യമാംസാദികളുടെയും ഗന്ധം മാധവന് ഇഷ്ടമല്ല. രണ്ട് നേരത്തേ കുളിയും അതിനു ശേഷമുള്ള കുറിതൊടീലും നിർബന്ധമാണ്.
അൽപം വൈകിയാൽ കുളിപ്പിക്കുന്നതുവരെ ബഹളം ഉണ്ടാക്കും. കറുത്ത നിറമുള്ള ഈ കാളക്കുട്ടൻ തന്റെ കൊമ്പുകൾ രണ്ടും ഭിത്തികളിൽ ഉരസി മിനുസപ്പെടുത്തി സുരക്ഷിതമാക്കിയിരിക്കുകയാണ്. കൂർത്ത സുന്ദരമായ ചെവിയും ചിരിക്കുമ്പോൾ പൂർണമായി വിടരുന്ന കൺപീലിക്കുള്ളിലെ നീലക്കണ്ണുകളുടെ ഭംഗിയും ഗാംഭീര്യം വിളിച്ചോതുന്ന തലപ്പൊക്കവും പിൻകാലിലെ കുളമ്പു വരെയുള്ള മനോഹരമായ വാലും മാധവന്റെ സവിശേഷതകളാണ്. തൊടിയിലെ വളർത്തുപുല്ലാണ് ഇഷ്ട ആഹാരം പിന്നെ പരുത്തിപ്പിണ്ണാക്കും വയ്ക്കോലും.
ആറുവർഷം മുമ്പ് വീട്ടിലെ സുനന്ദിനി ഇനത്തിൽപെട്ട പശുവിൽ ഉണ്ടായതാണ് ഇവൻ. തൊഴുത്തിൽനിന്നും ഇറങ്ങാറില്ല. പ്രളയസമയത്ത് മാത്രമാണ് തൊഴുത്തിന് പുറത്തിറങ്ങിയത്. ഇപ്പോൾ മാധവന് ആറു വയസ്സായി. ഒപ്പം ഉണ്ടായിരുന്ന മറ്റു പശുക്കളെയെല്ലാം ആരോഗ്യ പ്രശ്നങ്ങൾ കാരണം നോക്കാൻ കഴിയാതെ വീട്ടുകാരുടെ നിർബന്ധത്തിൽ വിറ്റെങ്കിലും മൂരിക്കിടാവിനെ ഓമനിച്ച് വളർത്തുകയാണ് പണിക്കർ.
300 കിലോയിൽ മേൽ ഉണ്ടായിന്ന മൂരിക്കുട്ടന് കാലുകളിൽ ഭാരം താങ്ങാൻ കഴിയാതെ വന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റ നിയന്ത്രിച്ചിരിക്കുകയാണ് ഇപ്പോൾ.
മാധവനെക്കുറിച്ച് കേട്ടറിഞ്ഞ് എന്ത് വില നൽകിയും വാങ്ങാൻ വരുന്നവർ ഏറെയാണ്. എന്നാൽ, കളിയും ചിരിയുമായി വീട്ടിലെ ഒരംഗമായി കഴിയുന്നയാളെ കൈയൊഴിയാൻ മനസ്സ് വരുന്നില്ലെന്നാണ് രാധകൃഷ്ണ പണിക്കർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

