നിയമന വിവാദം: തന്റെ കൈകൾ പരിശുദ്ധമാണെന്ന് എം.കെ. രാഘവൻ എം.പി, ‘ആരോപണങ്ങൾ ഉന്നയിച്ച് തകർക്കാൻ കഴിയില്ല’
text_fieldsന്യൂഡൽഹി: മാടായി കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എം.കെ. രാഘവൻ എം.പി. പി.എസ്.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിച്ച് എന്നെ തകർക്കാൻ കഴിയില്ല. എന്റെ കൈകൾ പരിശുദ്ധമാണ്. എന്നെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടും. നല്ലവരായ കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്ന് രാഘവൻ ആവശ്യപ്പെട്ടു.
കോളജിൽ നാല് അനധ്യാപക തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. ഇന്റർവ്യൂ നടത്തിയത് താനല്ല, ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. ആകെ 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേർ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.
മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഞാനൊരു കോൺഗ്രസുകാരാണ്. നിലവിൽ ജോലി കൊടുത്തയാൾക്ക് നൽകിയില്ലെങ്കിൽ കോടതിയിൽ പോയാൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമനത്തിൽ കണ്ണൂരിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. എം.കെ. രാഘവൻ എം.പിയുടെ കോലം കത്തിക്കൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടന്നു കഴിഞ്ഞു. ഇന്ന് വൈകീട്ട് എം.പിയുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

