പാറമടയിൽ വീണുമരിച്ച പെൺകുട്ടികളുടെ മൃതദേഹം നാട് ഏറ്റുവാങ്ങി; ഖബറടക്കം നാളെ
text_fieldsകിളിമാനൂർ: ഒരുനാടിനെയാകെ തീരാദുഃഖത്താലാഴ്ത്തി പാറമടയിൽ വീണുമരിച്ച ബന്ധുക്കളായ പെൺകുട്ടികളുടെ മൃതദേഹം നാട് ഏറ്റുവാങ്ങി. രണ്ടുപേരുടെ വിദേശത്തുള്ള പിതാക്കന്മാർ നാട്ടിലെത്തിയശേഷം മൂന്ന് മൃതദേഹങ്ങളും ചൊവ്വാഴ്ച ഖബറടക്കും. അതേസമയം, ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് പോസ്റ്റ്മോർട്ടം ഒഴിവാക്കി വീട്ടിലെത്തിച്ച മൃതദേഹങ്ങൾ പൊലീസ് ഇടപെടലിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനയച്ചു. ഉച്ചയോടെ മൃതദേഹങ്ങൾ വീട്ടിൽനിന്ന് നീക്കം ചെയ്തത് വൈകാരിക രംഗങ്ങൾക്ക് കാരണമായി.
മടവൂർ ഞാറയിൽകോണം ഇടപ്പാറ പാറമടയിൽ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സഹോദരന്മാരുടെ മക്കളായ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചത്. മടവൂർ ഞാറയിൽകോണം ബുഷറാലയത്തിൽ ജമാലുദ്ദീൻ-ബുഷ്റ ദമ്പതികളുടെ മകളും ആയൂർ വിവേകാനന്ദ പബ്ലിക് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയുമായ ഫാത്തിമ ജുമാന (16), ഞാറയിൽകോണം അമ്പിളിമുക്ക് തസ്നി മൻസിലിൽ കമാലുദ്ദീൻ-തസ്നി ദമ്പതികളുടെ ഏകമകളും ഞെക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായ ഷിഹാന ബീഗം (17), ഞാറയിൽകോണം മൂന്നാംവിള ബീനാലയത്തിൽ സിറാജുദ്ദീൻ-ബീന ദമ്പതികളുടെ മകളും കടുവയിൽ കെ.ടി.സി. ടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സൈനബ (14) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഇടപ്പാറയിൽ വീട്ടിൽ താജുദ്ദീെൻറ മകൾ അജ്മിയ (17) അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അജ്മിയയുടെയും ഒപ്പമുണ്ടായിരുന്ന കൊച്ചുകുട്ടിയുടെയും നിലവിളികേട്ടാണ് അയൽക്കാർ ഓടിക്കൂടിയത്. ഇവർ എത്തുമ്പോഴേക്കും പെൺകുട്ടികൾ മൂന്നും മടയിലെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. സംഭവമറിഞ്ഞെത്തിയ ആറ്റിങ്ങൽ, വർക്കല ഫയർഫോഴ്സ് സംഘവും പള്ളിക്കൽ പൊലീസും നാട്ടുകാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ 10.30 ഒാടെ ഫാത്തിമ ജുമാനയുടെ വീട്ടിലെത്തിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യർഥനയെ തുടർന്ന് ജനപ്രതിനിധികൾ ഇടപെട്ട്, പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ പോസ്റ്റ്മോർട്ടം ഒഴിവാക്കിയാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. എന്നാൽ, ഉച്ചക്ക് രണ്ടോടെ പള്ളിക്കൽ പൊലീസെത്തി മേലുദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യണമെന്നറിയിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി രാത്രിയോടെ വീട്ടിലെത്തിച്ചു. മൃതദേഹങ്ങൾ ചൊവ്വാഴ്ച ഞാറയിൽകോണം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.
ഉദ്വേഗത്തിെൻറ മൂന്നര മണിക്കൂറുകൾ; കൂരിരുട്ടിൽ വിറങ്ങലോടെ ഒരുഗ്രാമം
ഇനി വരുന്ന ഓരോ ഈസ്റ്റർ ദിനങ്ങളും മടവൂർ ഞാറയിൽകോണം നിവാസികൾക്ക് ഭീതിയോടെ മാത്രമേ ഓർക്കാനാവൂ. ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടത്തുകാർക്ക് നൽകിയത് തീരാദുഃഖമാണ്. പാറമടയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിപ്പോയ മക്കളെ വിളിച്ച് അലമുറയിടുന്ന മൂന്ന് അമ്മമാർക്കും ബന്ധുക്കൾക്കുമൊപ്പം ജാതി മതഭേദമെന്യേ ഒരുനാടാകെ കാത്തിരുന്നു. ഞായറാഴ്ച വൈകീട്ടത്തെ മൂന്നര മണിക്കൂറുകൾ അക്ഷരാർഥത്തിൽ ഇവിടത്തുകാർക്ക് ഉദ്വേഗത്തിെൻറ നിമിഷങ്ങളാണ് നൽകിയത്. റബർമരങ്ങളാൽ കൂരിരുട്ട് നിറഞ്ഞ പ്രദേശത്ത്, പാറക്കയത്തിൽനിന്ന് കുട്ടികളെ പുറത്തെടുക്കുമ്പോൾ, അവർക്ക് ഒന്നും സംഭവിച്ചിരിക്കരുതേയെന്ന് അമ്മമാർക്കൊപ്പം ചുറ്റുംകൂടി നിന്നവരും പ്രാർഥിക്കുന്നുണ്ടായിരുന്നു.
മടവൂർ ഞാറയിൽകോണം ഇടപ്പാറ പാറമടയിൽ ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ബന്ധുക്കളും കളിക്കൂട്ടുകാരുമായ ഫാത്തിമ ജുമാന, ഷിഹാന, സൈനബ, അജ്മിയ എന്നിവർ കുഞ്ഞനുജനുമായി എത്തിയത്. പാറമടയ്ക്ക് മുകൾ ഭാഗത്തുനിന്ന് മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുത്തിരുന്നു. കുഞ്ഞിനെ മുകളിൽ നിർത്തി പാറമടയിലെ ആഴം കുറഞ്ഞ ഭാഗത്തുനിന്ന് നാലുപേരും ചേർന്ന് കഴിഞ്ഞദിവസം സെൽഫിയെടുത്തപോലെ ചിത്രമെടുക്കാൻ ശ്രമിക്കവേ അജ്മിയ ഒഴികെയുള്ളവർ പാറമടയിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച നാലുപേരും ഇതേ സ്ഥലത്തുനിന്നുമെടുത്ത സെൽഫിചിത്രം വാട്സ്ആപിൽ പോസ്റ്റ് ചെയ്തിരുന്നു.
അജ്മിയയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നെത്തിയ ഫയർഫോഴ്സ് സംഘത്തിന് നാട്ടുകാരും സഹായികളായി. രാത്രി 6.30ഓടെ രണ്ടുപേരുടെ മൃതദേഹങ്ങൾ കിട്ടി. മൂന്നുപേരുടെയും മൃതദേഹങ്ങൾ ചളിയിൽ പുതഞ്ഞ നിലയിലായിരുന്നു. ആഴം കാരണം ഫയർഫോഴ്സ് സംഘം പാതാളക്കരണ്ടിയുടെ സഹായത്താലാണ് പുറത്തെടുത്തത്. രാത്രി 7.30 ഒാടെ മൂന്നാമത്തെ മൃതദേഹവും പുറത്തെടുത്തു.
ഉള്ള് നീറിയടർന്ന് കണ്ണീർ, ചൂടിനെക്കാൾ തിളച്ച് നൊമ്പരച്ചൂട്
ചിരിച്ചു കളിച്ചു നടന്നവർ വെള്ളത്തുണിയണിഞ്ഞ് നിശ്ചലരായി കൺമുന്നിൽ കിടക്കുന്നത് കണ്ടുനിൽക്കാൻ ആർക്കും ത്രാണിയുണ്ടായിരുന്നില്ല, അതും ഒരുമിച്ച്, അടുത്തടുത്തായി. ഉള്ള് നീറിയടർന്നൊഴുകിയ കണ്ണീരും നെഞ്ച് പിടയുന്ന നിലവിളികളും ആരോടെന്നില്ലാത്ത ചോദ്യങ്ങളുമായി ഒരു നാടും ഒന്നടങ്കം നിസ്സഹായരാവുകയായിരുന്നു. പുറത്തെ ചുട്ടുപൊള്ളുന്ന ചൂടിനെക്കാൾ ഉരുകിമറിയുകയായിരുന്നു ഒാരോ ഉള്ളകങ്ങളിലെയും നൊമ്പരച്ചൂട്. പറന്ന് തുടങ്ങുംമുേമ്പ വിധി ചിറകൊടിച്ച കുഞ്ഞുശലഭങ്ങൾക്കായി മനസ്സുനിറയെ പ്രാർഥനകളുമായാണ് ജനം ഒഴുകിയെത്തിയത്. എപ്പോഴും തമാശ പറഞ്ഞും കൂട്ടുകൂടിയും നടന്നവർ മരണത്തിലും ഒരുമിച്ചതും അറംപറ്റുന്ന യാദൃച്ഛികത. മടവൂർ ഞാറയിൽകോണം ഇടപ്പാറ പാറക്കുളത്തിൽ മുങ്ങി മരിച്ച മൂന്ന് പെൺകുട്ടികളുടെയും മൃതൃദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ചപ്പോഴുള്ള വൈകാരിക നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവില്ല.
ദുരന്തത്തിൽ മരിച്ച ജുമാനയുടെ പണിപൂർത്തിയാകാത്ത പുതിയ വീട്ടിലായിരുന്നു പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ. മൃതദേഹം എപ്പോൾ എത്തിക്കുമെന്നത് സംബന്ധിച്ച് രാവിലെ വലിയ ധാരണയൊന്നും ആർക്കുമുണ്ടായിരുന്നില്ല. എങ്കിലും അപകടമുണ്ടായ ഞായറാഴ്ച വൈകീട്ട് മുതൽ ഒരു നാട് ഒന്നടങ്കം ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. രാവിലെ മുതൽ ഇടപ്പാറക്ക് സമീപത്തെ ഇൗ വീട്ടുമുറ്റത്തേക്ക് ജനം ഒന്നടങ്കം ഒാടിയെത്തി. മറ്റൊരു കുടുംബത്തിെല എന്നതിനപ്പുറം സ്വന്തം പെൺമക്കെളന്ന വൈകാരികതയിലായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഒരോ അമ്മമാരും. രാവിലെ പത്തോടെയാണ് മൃതദേഹം ഉടൻ കൊണ്ടുവരുമെന്ന വാർത്ത നാട്ടിൽ പരന്നത്. ഇതോടെ കൂടുതൽപേർ ഇവിടേക്കെത്തി. പണിമുടക്കോ വാഹനമില്ലായ്മയോ ഒന്നും ഇൗ ജനമൊഴുക്കിനെ തടഞ്ഞില്ല. പിന്നെ നെഞ്ചിടിേപ്പാടെയുള്ള കാത്തിരിപ്പ്. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിലേക്ക് മൂന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങളെത്തി.
പതിവായി കളിപറഞ്ഞ് നടന്നുവരുന്ന വഴികളിലൂടെ ചിരി മായാത്ത മുഖങ്ങളോടെ പക്ഷേ, ഇക്കുറി ആംബുലൻസിൽ എത്തുന്ന ആ മൂന്ന് കൂട്ടുകാരികളെ കണ്ട് മുതിർന്നവർക്ക് പോലും പിടിച്ചു നിൽക്കാനായില്ല. ‘പൊന്നു മക്കളേ...’എന്നുയർന്ന നിലവിളികൾക്കൊപ്പം ഒരായിരം ദീർഘനിശ്വാസങ്ങളുമുയർന്നു. പണി തീരാത്ത വീട്ടിനുള്ളിലായിരുന്നു മൂവരെയും കിടത്താനുള്ള കട്ടിലുകൾ ഒരുക്കിയിരുന്നത്. രാവിലെ മുതൽ ഇവിടെ സ്ത്രീകളെകൊണ്ട് നിറഞ്ഞിരുന്നു. മൃതദേഹവുമായുള്ള ആംബുലൻസുകൾ എത്തിയതോടെ വീടിനുള്ളിലും നെഞ്ചുപൊട്ടുന്ന നിലവിളി. കണ്ണുതുടച്ചല്ലാതെ കണ്ടിറങ്ങുന്നവരില്ല. കാത്തുനിൽക്കുന്നവരുടെ മുഖങ്ങളിലും വിതുമ്പൽ. കരച്ചിലുകൾക്കിടയിൽ ദുഃഖത്തിെൻറ കരിമ്പടം പുതച്ച് വിറങ്ങലിപ്പ് മാറാതെ നിശ്ചലമാകുകയായിരുന്നു ഒരു ഗ്രാമം ഒന്നടങ്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
