Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാടാക്കര പള്ളി ലാത്തിച്ചാർജ്: 'സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി, പൊലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ എസ്.പി

text_fields
bookmark_border
മാടാക്കര പള്ളി ലാത്തിച്ചാർജ്: സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായി, പൊലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ എസ്.പി
cancel

കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് കയറി ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പൊലീസുകാരെ സ്ഥലംമാറ്റിയ നടപടിയിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പൊലീസ് മേധാവി മെറിൻ ജോസഫ്. സമൂഹത്തിൽ ഇടപെടുമ്പോൾ പൊലീസ് പാലിക്കേണ്ട ചില മര്യാദകളും ശ്രദ്ധയും ഈ സംഭവത്തിൽ ഉണ്ടായില്ലെന്നും, ജനങ്ങളുടെ വികാരം മാനിക്കുന്നതിൽ വന്ന വീഴ്ച വിലയിരുത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും എസ്.പി വ്യക്തമാക്കി.

പൊലീസ് നടപടിക്കെതിരെ ഒരു വിഭാഗം ആളുകൾക്കിടയിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. സമൂഹത്തിന്റെ പൊതുവികാരം കൂടി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. ഈ നിർദേശം പാലിക്കപ്പെടാത്തതിനാലാണ് ചോമ്പാല സ്റ്റേഷൻ എസ്.ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പേരെ കോഴിക്കോട് റൂറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് അടിയന്തരമായി സ്ഥലം മാറ്റിയത്. പയ്യോളി എസ്.എച്ച്.ഒ ജയ്‌മോൻ പി.ജെയ്ക്കാണ് ചോമ്പാല സ്റ്റേഷന്റെ പുതിയ ചുമതല നൽകിയിരിക്കുന്നത്.

പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലും പൊലീസിന്റെ ലാത്തിച്ചാർജിലും കലാശിച്ചത്. പ്രശ്നപരിഹാരത്തിനായി എത്തിയ പൊലീസ് പള്ളിക്കുള്ളിൽ ബൂട്ടിട്ട് കയറിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മുസ്ലിം ലീഗും കെ.കെ രമ എം.എൽ.എയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും പൊലീസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

പൊലീസുകാരെ സ്ഥലംമാറ്റിയ നടപടിയിലടക്കം എതിർപ്പ് പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. പള്ളിയിലുണ്ടായ പൊലീസ് ഇടപെടൽ അനാവശ്യമായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോഴാണ് സുരക്ഷയ്ക്കായി പൊലീസിന്റെ സഹായം തേടിയത്.

കൃത്യസമയത്ത് പൊലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് പ്രദേശത്ത് വലിയൊരു സംഘർഷം ഒഴിവാക്കാനും സാഹചര്യം ശാന്തമാക്കാനും സാധിച്ചത്. അതിനാൽ, നിയമപാലകരെ ശിക്ഷിക്കുന്നതിന് പകരം നിയമം ലംഘിച്ച് ആരാധന തടസ്സപ്പെടുത്തിയവർക്കെതിരെയാണ് യഥാർത്ഥത്തിൽ നടപടിയെടുക്കേണ്ടിയിരുന്നത്. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി അംഗീകരിക്കാനാവില്ല. പൊലീസ് നടപടിയെ വിമർശിക്കുന്ന മുസ്ലിം ലീഗും സി.പി.എമ്മും അവിടുത്തെ യഥാർത്ഥ സാഹചര്യം മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നതെന്നും മഹല്ല് കമ്മിറ്റി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madakkara Mosque Lathicharge: Kozhikode Rural SP Explains Police Transfers
Next Story