യന്ത്രത്തകരാർ; വന്ദേഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂർ കണ്ണൂരിൽ നിർത്തിയിട്ടു
text_fieldsസാങ്കേതിക തകരാറിനെ തുടർന്ന് കണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് എക്സ്പ്രസ്
കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് രണ്ടു മണിക്കൂറോളം കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കാസർകോട്ടുനിന്ന് പുറപ്പെട്ട ട്രെയിൻ 10 മിനിറ്റ് വൈകി 3.38നാണ് കണ്ണൂരിലെത്തിയത്. സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ വാതിലുകൾ തുറക്കാനാവാതെ 15 മിനിറ്റിലേറെ യാത്രക്കാർ വണ്ടിയിൽ അകപ്പെട്ടു. എ.സിയും പ്രവർത്തനരഹിതമായതോടെ വായുസഞ്ചാരമില്ലാത്ത കോച്ചുകൾക്കുള്ളിൽ യാത്രക്കാർ അക്ഷരാർഥത്തിൽ കുടുങ്ങി.
വൈദ്യുതി തകരാറിനെ തുടര്‍ന്നാണ് വാതിലുകൾ പ്രവര്‍ത്തനരഹിതമായതെന്നായിരുന്നു റെയിൽവേ അധികൃതരുടെ വിശദീകരണം. സാങ്കേതിക വിദഗ്ധരെത്തി പ്രശ്നം പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നെങ്കിലും അൽപദൂരം മുന്നോട്ടുപോയശേഷം വീണ്ടും വൈദ്യുതിബന്ധം തകരാറിലായി വണ്ടി നിന്നു. 1.40 മണിക്കൂർ കണ്ണൂരിൽ പിടിച്ചിട്ട ശേഷം യാത്ര പുനരാരംഭിച്ചെങ്കിലും വീണ്ടും വൈദ്യുതി ബന്ധം തകരാറിലായി. എ.സി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ വെന്തുരുകി. ട്രെയിൻ ചലിക്കാതെയും വാതിൽ തുറക്കാതെയുമായതോടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും ആശങ്കയിലായി. വിമാനത്താവളത്തിലടക്കം എത്തേണ്ട യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു.
ഒച്ചിഴയും വേഗത്തിലാണ് തലശ്ശേരി ഭാഗത്തേക്ക് ട്രെയിൻ സഞ്ചരിച്ചത്. ഇതിനിടെ, ചെെന്നെ സെൻട്രൽ മെയിലും പുണെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസും വന്ദേഭാരതിനെ മറികടന്നുപോയി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, മുൻമന്ത്രി ഷിബു ബേബി ജോൺ അടക്കമുള്ളവർ ട്രെയിനിലുണ്ടായിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തേണ്ട യാത്രക്കാരുള്ളതിനാൽ ഫറോക്ക് സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കുമെന്ന് ട്രെയിനിൽ അനൗൺസ്മെന്റുണ്ടായി. നിശ്ചയിച്ച സമയത്തിനേക്കാൾ വൈകിയാണ് എല്ലാ സ്റ്റോപ്പുകളിലും ട്രെയിൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

