'നീതി ലഭിക്കുംവരെ പിന്മാറില്ല'; കോതമംഗലം എം.എ കോളജിൽ സമരം ശക്തം, മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് വിദ്യാർഥികൾ
text_fieldsകോതമംഗലം എം.എ കോളജ് അസോ. സെക്രട്ടറിയുടെ വാഹനം വിദ്യാർത്ഥികൾ തടഞ്ഞപ്പോൾ
കോതമംഗലം: എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പുന്നു. 'വി വാണ്ട് ജസ്റ്റിസ്' എന്ന മുദ്രാവാക്യമുയർത്തി പെരുമഴ വകവെക്കാതെയാണ് വിദ്യാർഥികൾ കോളജിന് മുന്നിൽ സമരം കടുപ്പിച്ചത്. മണിക്കൂറുകളായി തുടരുന്ന സമരത്തിൽ അധ്യാപകരുടെയും കോളജ് സെക്രട്ടറിയുടെയും വാഹനങ്ങൾ വിദ്യാർഥികൾ തടഞ്ഞു. ഇയർ ബാക്കിനെ തുടർന്ന് ആത്മഹത്യ ചെയ്ത മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ മാനേജ്‌മെന്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
വിദ്യാർഥികളുടെ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപനത്തിന് പിന്നാലെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. സേ പരീക്ഷാ ഫീസ് 6000 രൂപയിൽ നിന്ന് 1000 രൂപയായി കുറയ്ക്കുമെന്നും, കെ.ടി.യു നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്നും സർക്കുലറിൽ പറയുന്നു. കുറഞ്ഞ ക്രെഡിറ്റ് കാരണം രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് വിദ്യാർഥികൾ പൂർണ്ണമായും തള്ളി.
കോളജ് പുറത്തിറക്കിയ സർക്കുലർ എ.ഐ (AI) ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അതിൽ കോളജിന്റെ ഔദ്യോഗിക സീൽ ഇല്ലെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. നിയമം മാറ്റിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും, തങ്ങളുടെ സുപ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.
മരിച്ച വിദ്യാർഥിയുടെ കുടുംബത്തോട് മാനേജ്മെന്റ് ഇതുവരെ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചിട്ടില്ല. കേവലം ഒരു സോഷ്യൽ മീഡിയ പോസ്റ്റിട്ടത് ഒഴിച്ചാൽ കുടുംബത്തിന് യാതൊരുവിധ നഷ്ടപരിഹാരവും നൽകാനോ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അധികൃതർ തയ്യാറായിട്ടില്ല. മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കൃത്യമായ പൊലീസ് അന്വേഷണത്തിന് മാനേജ്മെന്റ് തയ്യാറാകണം. ഇതിന് പകരം പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ഭീഷണിപ്പെടുത്താനാണ് അധികൃതർ ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
മിച്ചിയുടെ മരണത്തിന് പിന്നാലെ മാനേജ്മെന്റ് ഉറപ്പുനൽകിയ കാര്യങ്ങൾ കോളജിന്റെ സീൽ ഉൾപ്പെടുത്തി രേഖാമൂലം പ്രസിദ്ധീകരിക്കണമെന്നും വിദ്യാർഥി കൂട്ടായ്മ ആവശ്യപ്പെടുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയും നീതി ലഭിക്കുകയും ചെയ്യുന്നതുവരെ കോളജിന്റെ പ്രവർത്തനം സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം തുടരുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. മിച്ചിക്ക് ഉണ്ടായ ദുരനുഭവം ഇനി മറ്റൊരു വിദ്യാർഥിക്കും ഈ കാമ്പസിൽ ഉണ്ടാകാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

