'ഉറപ്പുകൾ ഔദ്യോഗിക രേഖയായി നൽകണം'; കോതമംഗലം എം.എ കോളജിൽ പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ കുത്തിയിരുന്ന് വിദ്യാർഥി പ്രതിഷേധം
text_fieldsകോതമംഗലം: വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്ന് കോതമംഗലം എം.എ എൻജിനീയറിങ് കോളജിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ വിദ്യാർഥികൾ നിലവിൽ പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. മാനേജ്മെന്റ് നൽകിയ ഉറപ്പുകൾ ഔദ്യോഗിക രേഖയായി സീൽ വെച്ച് പുറത്തിറക്കണമെന്നാണ് മുദ്രാവാക്യം വിളികളോടെ സമരം കടുപ്പിക്കുന്ന വിദ്യാർഥികളുടെ പ്രധാന ആവശ്യം.
മൂന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി മിച്ചി മർപ്പുവിന്റെ മരണത്തിൽ പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് വിദ്യാർഥികളുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പൽ അറിയിച്ചു. മരണത്തിൽ മാനേജ്‌മെന്റ് തലത്തിലും അന്വേഷണം നടത്തും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർഥിയുടെ സംസ്കാരത്തിന് ശേഷം കുടുംബത്തിന് ഉചിതമായ ധനസഹായം നൽകും. ഇതിന് പുറമെ, വിദ്യാർഥികളുടെ സേ പരീക്ഷ ഓണത്തിന് ശേഷം നടത്തുമെന്നും ഫീസ് 6000 രൂപയിൽ നിന്നും 1000 രൂപയായി കുറച്ചതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
വിദ്യാർഥികളുടെ മറ്റ് പ്രശ്നങ്ങൾ പരിശോധിക്കാൻ ഇന്റേണൽ ഗ്രീവൻസ് കമ്മിറ്റി രൂപീകരിക്കും. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്നും പി.ടി.എ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ, മാനേജ്മെന്റിന്റെ ഈ വിശദീകരണം വിദ്യാർഥികൾ പൂർണ്ണമായും തള്ളി.
എഴുതി തയ്യാറാക്കിയ കാര്യങ്ങൾ വായിക്കുക മാത്രമാണ് പ്രിൻസിപ്പൽ ചെയ്തതെന്നും, തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ പകുതി പോലും അധികൃതർ പരിഗണിച്ചിട്ടില്ലെന്നും വിദ്യാർഥികൾ പറയുന്നു.
വിദ്യാർഥികളുടെ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപനത്തിന് പിന്നാലെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ സർക്കുലർ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അതിൽ കോളജിന്റെ ഔദ്യോഗിക സീൽ ഇല്ലെന്നും ആരോപിച്ച് വിദ്യാർഥികൾ അത് തള്ളിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കെ.ടി.യു നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം, കുറഞ്ഞ ക്രെഡിറ്റ് കാരണം അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്കുള്ള സൗകര്യം, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവയെല്ലാം കോളജിന്റെ സീൽ ഉൾപ്പെടുത്തി ഔദ്യോഗിക സർക്കുലറായി തന്നെ പ്രസിദ്ധീകരിക്കണമെന്ന് വിദ്യാർഥികൾ നിർബന്ധം പിടിക്കുന്നത്.
കാമ്പസിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കോളജിലെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ നിലവിൽ വിദ്യാർഥി നേതാക്കളുമായി ചർച്ച നടത്തുകയാണ്. പ്രിൻസിപ്പൽ തങ്ങളെ നേരിൽ കണ്ട് സംസാരിക്കാൻ തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതിനിടെ, വിദ്യാർഥി സമരത്തിന് പിന്തുണയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കോളജിലെത്തി. സർക്കാരിന് മുകളിലല്ല കോളജ് മാനേജ്മെന്റെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയും, ആവശ്യങ്ങൾ ഔദ്യോഗിക രേഖയായി ലഭിക്കുകയും ചെയ്യുന്നത് വരെ പ്രിൻസിപ്പലിന്റെ മുറിക്ക് മുന്നിലെ കുത്തിയിരിപ്പ് സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

