കാഴ്ചനഷ്ടപ്പെട്ട മുൻ ജീവനക്കാരനെ വീണ്ടും ചേർത്തുപിടിച്ച് എം.എ യൂസഫലി; 5 ലക്ഷം കൂടി കൈമാറി
text_fieldsകായംകുളം: ഇന്തോനേഷ്യയിലെ ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെ കാഴ്ച നഷ്ടമായതോടെ ജീവിതം ഇരുട്ടിലായെന്ന് കരുതിയിരിക്കുകയായിരുന്നു കായംകുളം സ്വദേശി അനിൽ കുമാർ.
കാഴ്ച നഷ്ടമാകുമ്പോൾ അനിൽ കുമാർ ജോലിയിൽ കയറിയിട്ട് വെറും രണ്ടുമാസം മാത്രമേ പൂർത്തിയായിരുന്നുള്ളൂ. എന്നാൽ അനിൽ കുമാറിന്റെ ജീവിതം ഇരുട്ടിലാകാൻ എം.എ യൂസഫലിയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും സമ്മതിച്ചില്ല.
ലുലു ഗ്രൂപ്പ് ജീവനക്കാർ ചേർന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനിൽ കുമാറിന് ചികിത്സക്ക് സംവിധാനമൊരുക്കി. ഇന്‍ഷുറന്‍സിന് പുറമെ ചികിത്സക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് തന്നെ കെട്ടിവെച്ചു. നാട്ടിലേക്ക് പോകണമെന്ന് അനില്‍കുമാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോകാനുള്ള വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെൻ്റും ജീവനക്കാരും ചേർന്ന് നൽകി.
രണ്ട് മാസത്തെ അധിക ശമ്പളവും അനിലിന് ഉറപ്പാക്കി. ആകെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് അനില്‍കുമാറിന്റെ ചികിത്സക്കുൾപ്പെടെ അന്ന് കൈമാറിയിരുന്നത്. തുടർന്ന് ചികിത്സക്കായി നാട്ടിലെത്തിയപ്പോൾ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി അനിൽ കുമാറിന് നല്‍കുകയും ചെയ്തു.
ചികിത്സക്ക് പുറമെ മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനിൽ കുമാർ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുൻ ജീവനക്കാരന് കരുതലുമായി എം.എ യൂസഫലി വീണ്ടും എത്തിയത്. മകളുടെ പഠനം മുടങ്ങുമെന്ന് ഇപ്പോൾ അനിൽ കുമാറിന് ആശങ്കയില്ല.
യൂസഫലിയുടെ നിർദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ് അനിൽ കുമാറിൻ്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. മകളുടെ പഠനം മുടങ്ങില്ലെന്ന് ഉറപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കൽ കൂടി നന്ദി പറയുകയാണ് അനിൽ കുമാറും കുടുംബവും.
കടുത്ത പ്രമേഹരോഗമാണ് അനില്‍കുമാറിൻ്റെ ജീവിതത്തിൽ വില്ലനായത്. ജോലി ചെയ്ത രണ്ട് മാസക്കാലയളവിനിടയിൽ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേൽക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

