വിമാനത്തിലും കോപ്ടറിലും പറന്നെത്തി എം.എ. യൂസുഫലിയുടെ വോട്ട്
text_fieldsനാട്ടിക: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ വിമാനത്തിലും ഹെലികോപ്ടറിലും പറന്നെത്തി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. തായ്‍ലൻഡിലെ ബാങ്കോക്കിൽനിന്ന് സ്വന്തം വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും അവിടെനിന്ന് ഹെലികോപ്ടറിൽ നാട്ടികയിലുമെത്തിയാണ് യൂസുഫലി വോട്ട് ചെയ്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റിൽ എത്തിയ യൂസുഫലി വൈകീട്ട് മൂന്നോടെ ഹെലികോപ്ടറിൽ നാട്ടികയിലെ വീട്ടിലെത്തി. തുടർന്ന് നാട്ടിക പഞ്ചായത്തിലെ മൂന്നാം വാർഡിലെ നാട്ടിക ജുമാമസ്ജിദിന് കിഴക്കുഭാഗത്തെ ഗവ. മാപ്പിള എൽ.പി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. യൂസുഫലി എത്തുമെന്നറിഞ്ഞതോടെ അയൽവാസികളും നാട്ടുകാരും സ്ഥാനാർഥികളുമെല്ലാം ഒത്തുകൂടിയിരുന്നു. ബാങ്കോക്കിൽ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായ്‍ലൻഡ് വാണിജ്യമന്ത്രി നിർവഹിച്ചതിനുശേഷമാണ് യൂസുഫലി കൊച്ചിയിലേക്കു പറന്നത്.
ഒരു പൗരനെന്ന നിലയിൽ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുകയെന്നതെന്നും ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു കച്ചവടക്കാരനും വാർഡ് മെംബറും ഒരുമിച്ചുനിന്നാൽ വാർഡ് മെംബറിനാണ് മുൻഗണന നൽകേണ്ടത്. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. താൻ പഠിച്ച സ്കൂളിൽതന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

