രാഹുൽ പെൺകുട്ടികളെ ചൂഷണം ചെയ്യുമെന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകി, പരിഹാസവും പുച്ഛവുമായിരുന്നു മറുപടി -എം.എ. ഷഹനാസ്
text_fieldsകോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാക്കുമ്പോൾ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ പുച്ഛവും പരിഹാസവുമായിരുന്നു മറുപടിയെന്നും വെളിപ്പെടുത്തൽ. കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
‘രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയർന്നു വരുമ്പോൾ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. കാരണമെന്താണെന്ന് അറിയാമോ? പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനം ഉണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോൾ ബഹുമാനപ്പെട്ട അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ആയിരുന്ന ഷാഫി പറമ്പിൽ എം.എൽ.എയോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് (തെളിവ് ഉണ്ട്) ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്... നമ്മുടെയൊക്കെ പെൺകുട്ടികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടാവണമെങ്കിൽ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡന്‍റ് ആക്കരുത് എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്.’
‘ഒരു പെണ്ണ് ഇരയാക്കപ്പെടുമ്പോൾ ആ പെണ്ണിന് ഒപ്പം മുന്നോട്ടു വരണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ആളാണ് ഞാൻ. കാരണം കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു. സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു കൊണ്ട്... എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ്. അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാൽ പോലും...
ഇവന്റെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്ന്, ഇവനൊക്കെ ഒരു സ്ത്രീയെ എന്തൊക്കെ പറയും എന്നും, എന്തൊക്കെ ചെയ്യുമെന്നും. ഉത്തമ ബോധ്യമുള്ള മറ്റൊരു സ്ത്രീ തന്നെയാണ് ഞാൻ അതുകൊണ്ട് ഇരയാക്കപ്പെടുന്ന ഓരോ സ്ത്രീക്കും ഒപ്പം തന്നെയാണ് ഞാൻ എന്നും... നാലു വെള്ള നിറത്തിൽ ഉള്ള ലവ് ഇട്ടത് അല്ല ഇവിടുത്തെ ഒന്നും പ്രശ്നം എന്നിട്ട് കവല പ്രസംഗം നടത്തുകയാണ് ഇവളൊക്കെ ഞാൻ ചാറ്റ് ചെയ്യുന്ന സ്ത്രീകൾ ആണെന്ന്... അതാണ് ഇവിടുത്തെ പ്രശ്നം...’
‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ അധികാരങ്ങളും ആസ്വദിച്ചവനാണ് ശ്രീ രാഹുൽ മാങ്കൂട്ടം. എന്നിട്ട് ഇന്ന് പാർട്ടിയെ അതും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വക്കത്ത് എത്തി നിൽക്കുമ്പോൾ ഇരുട്ടിലാക്കിയ മഹാൻ കൂടിയാണ് എന്ന് നിങ്ങൾ അണികൾ ഓർക്കണം. നിങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഇരകൾ എന്നു പറഞ്ഞു വരുന്ന മുഴുവൻ സ്ത്രീകളെയും അപമാനിച്ചു കൊണ്ടിരിക്കുന്നത് ഒരു ക്രിമിനൽ ആയിട്ടുള്ള വ്യക്തിക്ക് വേണ്ടിയിട്ടാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശ്രീ രാഹുൽ മാങ്കൂട്ടം നിർദ്ദേശിച്ച സ്ഥാനാർത്ഥികൾ കേരളത്തിന്റെ പലസ്ഥലങ്ങളിലും മത്സരിക്കുന്നുണ്ട് എന്ന ഗതികേട് കൂടി മനസ്സിലാക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്... ഇന്ന് പാർട്ടിക്ക് കളങ്കം വരുത്തിയത് നിങ്ങൾ ആഘോഷം ആക്കുന്ന രാഹുൽ മാങ്കൂട്ടം തന്നെയാണ്. അതിന് അയാളുടെ കൂടെ നിൽക്കുന്ന മഹാന്മാർ മഹതികൾ ഒക്കെ ആരാണ് എന്ന് ഉറച്ച ധാരണ ഉണ്ട്... ഇന്നും 23 വയസ്സ് ഉള്ള പെൺകുട്ടിയാണ് പരാതിയുമായി വന്നിരിക്കുന്നത്. നിങ്ങൾക്ക് അപമാനിക്കാൻ ഒരു ഇര കൂടെ ആയെന്ന് സാരം... നിങ്ങൾ അപമാനിക്കുന്നത് അനുസരിച്ചു ഇരകളായ ഓരോ പെണ്ണും പുറത്തു വരും... ശക്തമായി തന്നെ...’
‘ദയനീയത എന്താണ് എന്ന് അറിയുമോ, എന്റെ നാടായ ഈ നാട്ടിലെ ഒരു ഇരയായ ഒരു പെണ്ണ് കൂടെ ആണ് ഞാൻ... ഞാൻ വിശ്വസിക്കുന്ന പ്രവർത്തിക്കുന്ന എന്റെ കോൺഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളൂ... എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോൺഗ്രസിന്‍റെ പ്രധാന പരിപാടിയിൽ പങ്കെടുപ്പിക്കുകയും പിന്നീട് അതിന് എതിരെ ഞാൻ പ്രതികരിച്ചപ്പോൾ ഡിസിസി അധ്യക്ഷൻ ഡി.സി.സി സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീൽ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോൾ ആ വക്കീലിനെ ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡി.സി.സി ട്രഷറർ ആക്കുകയും ചെയ്ത ആളാണ്... എന്നിട്ടും ഇരയായ ആ ഡി.സി.സി ഓഫീസിൽ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു....’ -എം.എ. ഷഹനാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

