'നാവുപിഴ മനുഷ്യസഹജമാണ്, വിമർശിക്കുന്നവർ നാവുപിഴക്കാത്ത കമ്പ്യൂട്ടർ മനുഷ്യരാണോ, ഇടതുപക്ഷത്തെ പിന്തുണക്കുന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ'
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ച സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ഹീനമായി വേട്ടയാടുകയാണെന്നും സൈബർ ആക്രമണം നടത്തുകയാണെന്നും ഇടത് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണം. ചില മാധ്യമപ്രവർത്തകർ തനിക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകുകയാണെന്നും സ്വരാജ് ആരോപിച്ചു.
കേരളം ആദരവോടെ കാണുന്ന നാടകപ്രവർത്തക നിലമ്പൂർ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ.ആർ. മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അധിക്ഷേപങ്ങൾ കേട്ടാൽ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാൽ സാംസ്കാരിക രംഗത്തുള്ള മറ്റുചിലർ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാർ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവർ അവതരിപ്പിച്ചു.
10 വർഷം മുമ്പ് ഒരു അഭിമുഖത്തിൽ നാക്കുപിഴ സംഭവിച്ചിരുന്നു. എലിയട്ട് എന്ന് പറയേണ്ടതിന് പകരം വേർഡ്സ്വർത്ത് എന്നാണ് പറഞ്ഞത്. അത് പൊക്കിക്കൊണ്ടുവരികയാണ്. ഇയാൾക്ക് എലിയട്ടിനെയും വേർഡ്സ്വർത്തിനെയും അറിയില്ല എന്നാണ് പറയുന്നത്. നാവുപിഴ മനുഷ്യസഹജമാണ്. നാവുപിഴക്ക് പരിഹസിക്കുന്നവർ ലോകത്ത് വേറെ എവിടെയെങ്കിലുമുണ്ടാകുമോ? വിമർശിക്കുന്നവർ നാവുപിഴക്കാത്ത കമ്പ്യൂട്ടർ മനുഷ്യരാണോ. നാക്കുപിഴ എല്ലാവർക്കും സംഭവിക്കുന്നതാണ്. അത് ഭൂതക്കണ്ണാടി വെച്ച് കണ്ടുപിടിച്ച് ആഘോഷിക്കുകയാണ്. അത്തരം പരിഹാസങ്ങൾ നടക്കട്ടെ. പരിഭവമില്ല. എന്നാൽ, ഉത്തരവാദപ്പെട്ടവർ അങ്ങനെ ചെയ്യുമ്പോഴാണ് കൗതുകം.
അതിനിടയിലാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം വരുന്നത്. രാത്രി ഏറെ വൈകിയാണ് വിവരം അറിയുന്നത്. അവാർഡ് പ്രഖ്യാപിച്ചപ്പോഴും നിരസിച്ചപ്പോഴും പരിഹാസമുണ്ടായി. എന്തുചെയ്താലും പരിഹസിക്കണമെന്നത് ആദ്യമേയുള്ള തീരുമാനമാണ്. ജമാഅത്തിന്‍റെ ടെലിവിഷൻ ചാനൽ വിമർശനങ്ങളെ എടുത്ത് തലയിൽ വെക്കുകയായിരുന്നു. ജമാഅത്ത് സ്വീകരിച്ച രാഷ്ട്രീയ നിലപാടിനിടയിൽ ഇത് സ്വാഭാവികമായി കടന്നുവരും. 'പൂക്കളുടെ പുസ്തകം' തല്ലിപ്പൊളിയാണ്, കോപ്പിയടിച്ചതാണ് തുടങ്ങിയവയാണ് വിമർശനങ്ങൾ. അത് വായനക്കാർ തീരുമാനിക്കട്ടെ. പൂക്കളെ കുറിച്ചുള്ള ചില കുറിപ്പുകൾ മാത്രമായിരുന്നു പുസ്തകം. പത്ത് പൂക്കളെയും ഒരു വൃക്ഷത്തെയും കുറിച്ചാണ് പുസ്തകം. അനുഭവതലം ഒഴികെ, പൂക്കളെ കുറിച്ച് പുസ്തകത്തിൽ പറയുന്നതൊന്നും ഞാൻ സ്വപ്നം കണ്ടതല്ല. പാരമ്പര്യമായി കിട്ടിയതുമല്ല. അത് പുസ്തകങ്ങളെയും നവമാധ്യമങ്ങളെയും ഉപയോഗിച്ച് ശേഖരിച്ചതാണ്. അത് ആമുഖത്തിൽ എഴുതിവെച്ചിട്ടുമുണ്ട്. പുസ്തകം വായിക്കാതെയും പുസ്തകത്തെ കുറിച്ച് അഭിപ്രായം പറയാമെന്ന് കാണിച്ചിരിക്കുകയാണ് ജമാഅത്ത് ചാനലിലെ മാധ്യമപ്രവർത്തകൻ.
ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ ഏത് തരംതാണ മാർഗങ്ങളും സ്വീകരിക്കും. ഇതിനേക്കാളേറെ ആക്രമണങ്ങളെ നേരിട്ടാണ് ഓരോ ഇടതുപക്ഷ പ്രവർത്തകരും മുന്നോട്ടുപോയിട്ടുള്ളത്. നിങ്ങളുടെ ആക്രമണങ്ങളും പരിഹാസങ്ങളും കേട്ട് ഞാൻ പേടിച്ചുപോകുമോ എന്ന് നോക്കുക, ഇനി പേടിച്ചുപോയാലോ... ഏതായാലും കൂടുതൽ കരുത്തോടെ ആക്രമണം തുടരുക -സ്വരാജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

