നിലമ്പൂർ: സി.പി.എം നേതാവ് എം. സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥിയായതിന് പിന്നാലെ ട്രോൾ ആക്രമണം നേരിട്ടതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ട്രോൾ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും സി.പി.എം സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് താനാണെന്ന് പറയുമ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന് വിലയില്ലെന്നല്ലേ അർഥമാക്കുന്നതെന്നും രാഹുൽ ചോദിച്ചു. പാർട്ടി പദവിയിലുള്ള ഒരാൾ മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. ഇതാണ് യു.ഡി.എഫ് ആഗ്രഹിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി മത്സരിച്ചാലും സന്തോഷമായേനെ. സി.പി.എം തപ്പിനടന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു, അദ്ദേഹം ഓടിമാറി. ആ ഡോക്ടർ മത്സരിച്ച്...
നിലമ്പൂർ: സി.പി.എം നേതാവ് എം. സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥിയായതിന് പിന്നാലെ ട്രോൾ ആക്രമണം നേരിട്ടതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ട്രോൾ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും സി.പി.എം സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് താനാണെന്ന് പറയുമ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന് വിലയില്ലെന്നല്ലേ അർഥമാക്കുന്നതെന്നും രാഹുൽ ചോദിച്ചു.
പാർട്ടി പദവിയിലുള്ള ഒരാൾ മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. ഇതാണ് യു.ഡി.എഫ് ആഗ്രഹിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി മത്സരിച്ചാലും സന്തോഷമായേനെ. സി.പി.എം തപ്പിനടന്ന ഒരു ഡോക്ടർ ഉണ്ടായിരുന്നു, അദ്ദേഹം ഓടിമാറി. ആ ഡോക്ടർ മത്സരിച്ച് പരാജയപ്പെട്ടാൽ, ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ് പറയും. എന്നാൽ, ഡോക്ടർ ചികിത്സിച്ച രോഗികൾ എതിരായെന്ന് സി.പി.എം പറയും.
പാലക്കാട് പരാജയപ്പെട്ടപ്പോൾ പറഞ്ഞത്, മറ്റൊരു പാർട്ടിയിൽ നിന്ന് ആളെ കൊണ്ടുവന്ന് മത്സരിപ്പിച്ചത് കൊണ്ടാണെന്ന്. തൃക്കാക്കരയിൽ തോറ്റപ്പോൾ പറഞ്ഞത് പാർട്ടി ചിഹ്നത്തിലല്ല മത്സരിച്ചതെന്ന്. സി.പി.എമ്മിന്‍റെ ചിഹ്നം കാണുമ്പോൾ വൈദ്യുതി ചാർജ് വർധനയും വെള്ളക്കരം കൂട്ടിയതും ജനങ്ങൾക്ക് ഓർമ വരും.
നാട്ടിലെ വന്യമൃഗ-മനുഷ്യ സംഘർഷത്തിൽ നഷ്ടം അനുഭവിക്കുന്ന ജനങ്ങൾക്ക് ചിഹ്നം കാണുമ്പോൾ പ്രത്യേക ഹാലിളക്കം ഉണ്ടാക്കും. ആ ഹാലിളക്കത്തിൽ 23-ാം തീയതി സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തുന്ന പത്രസമ്മേളനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന പറയാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. സർക്കാർ വിരുദ്ധ വോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വീഴുമെന്നും നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
പാലക്കാടും തൃക്കാക്കരയിലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വലിയ സ്വീകരണം ഉണ്ടായിരുന്നു. പുതുപ്പള്ളിൽ സ്വീകരണം കാരണം അടുക്കാൻ സാധിച്ചിരുന്നില്ല. ഫലം വന്നപ്പോൾ മൂന്ന് മണ്ഡലങ്ങളിലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന് ലഭിച്ചത്.
നിലമ്പൂരുകാരനായിട്ട് പോലും സ്വദേശത്തിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടി എം. സ്വരാജ് ഒന്നും പറഞ്ഞിട്ടില്ല. വന്യമൃഗങ്ങളാൽ കഴിഞ്ഞ നാല് വർഷത്തിനിടെ എത്ര പേരാണ് ആക്രമിക്കപ്പെട്ടത്. കൃഷി നശിപ്പിക്കപ്പെട്ടു. ലോകത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാറുള്ള ആൾ ഈ വിഷയത്തിൽ ഒരു വരി പറഞ്ഞിട്ടില്ല. പ്രത്യക്ഷ സമരം ചെയ്യാനും നാടിന് വേണ്ടി സംസാരിക്കാനും ആര്യാടൻ ഷൗക്കത്ത് ഉണ്ടായിരുന്നു. സ്വരാജ് കവളപ്പാറയിൽ ഉണ്ടായിരുന്നതായി ജനങ്ങൾക്ക് അനുഭവപ്പെടുന്നില്ല. എന്നാൽ, ഷൗക്കത്ത് കാവലാളായി ഉണ്ടായിരുന്നു. നാടിന്‍റെ കാവലാളായി നിയമസഭയിലും ഷൗക്കത്ത് ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.
പി.വി. അൻവറിനെ കുറിച്ച് യു.ഡി.എഫിനോട് ചോദിക്കരുത്. അൻവർ സി.പി.എമ്മിന്‍റെ എം.എൽ.എയായിരുന്നു. നാല് വർഷം മുമ്പ് വോട്ട് വാങ്ങി ജയിച്ച എം.എൽ.എ എവിടെയാണെന്ന് സി.പി.എമ്മിനോട് ചോദിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.