കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കില്ലെന്ന് എം.സ്വരാജ്; 'അക്കാദമിയോട് ബഹുമാനം മാത്രം, നേരത്തെയുള്ള നിലപാടാണ്'
text_fieldsകൊച്ചി: കേരള സാഹിത്യ അക്കാദമി ഉപന്യാസ വിഭാഗത്തിൽ പ്രഖ്യാപിച്ച പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നതെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡാണ് സ്വരാജിന് ലഭിച്ചത്. സി.ബി കുമാർ അവാർഡിനാണ് സ്വരാജിന്റെ പുസ്തകം അർഹമായത്.
എം.സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്.
മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

