36 ലക്ഷം വിലയുള്ള ആഡംബര കാർ; വാങ്ങാൻ സോഷ്യൽ മീഡിയയുടെ അനുവാദം വേണമെന്ന് അറിയില്ലായിരുന്നുവെന്ന് എം. സ്വരാജ്
text_fieldsമലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തു വിവരങ്ങള്‍ക്കൊപ്പം, അവരുടെ കൈവശമുള്ള വാഹനങ്ങളും ചർച്ചയായി. ഇടതു സ്ഥാനാര്‍ത്ഥി എം. സ്വരാജിന് സ്വന്തമായി കാറില്ല. ആകെ 63 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നാണ് സ്വരാജ് വ്യക്തമാക്കിയിട്ടുള്ളത്. ഭാര്യക്ക് രണ്ടു കാറുകളുണ്ട്. ഒന്ന് 2025 മോഡല്‍ മെറിഡിയന്‍ ലോംഗിറ്റിയൂഡ് പ്ലസ്. 36 ലക്ഷം രൂപയാണ് സത്യവാങ്മൂലത്തില്‍ ഇതിന് വില കാണിച്ചിട്ടുള്ളത്. നാലുലക്ഷത്തിലേറെ രൂപ വില വരുന്ന 2013 മോഡല്‍ ഫോര്‍ഡ് ഫിഗോ കാറും ഭാര്യക്ക് ഉണ്ടെന്ന് സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.
36 ലക്ഷം രൂപയുടെ കാർ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതികരണവുമായി എം. സ്വരാജ് രംഗത്തെത്തി. എം.എൽ.എ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു. ആ കാർ വിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയതാണ്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാങ്ങിയത്. അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പയെടുത്ത് വാഹനം വാങ്ങാൻ അവകാശമുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. സോഷ്യൽ മീഡിയയിലെ ആരുടെയെങ്കിലും അനുവാദം വാങ്ങി വേണമായിരുന്നു അത് ചെയ്യാനെന്ന് അറിയില്ലായിരുന്നും സ്വരാജ് പറഞ്ഞു.
എട്ടുകോടിയുടെ ആസ്തിയുള്ള യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിനും സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരില്‍ 2,50,000 രൂപ വിലയുള്ള 2018 മോഡല്‍ നിസാന്‍ മൈക്രയും 3,50,000 രൂപ വില വരുന്ന എറ്റിയോസ് ലിവയുമാണ് ഉള്ളത്. 52 കോടി രൂപയുടെ ആസ്തിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന് 2016 മോഡല്‍ ടൊയോട്ട ഇന്നോവയാണ് സ്വന്തമായുള്ളത്. 16.45 ലക്ഷം രൂപയാണ് ഇതിന് വിലയായി കാണിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

