എം. സ്വരാജിന് നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനിൽ ആവേശ സ്വീകരണം
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് നിലമ്പൂര്‍ റെയിൽവേ സ്റ്റേഷനിൽ ആവേശേജ്വല സ്വീകരണം. ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ സ്റ്റേഷനിലെത്തിയ സ്വരാജിനെ എതിരേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷനിലെത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവർത്തകർ എതിരേറ്റത്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടര്‍ന്ന് തുറന്ന വാഹനത്തിൽ സ്വരാജ് സി.പി.എം നിലമ്പൂർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചു. 12 മണിയോടെ എം. സ്വരാജ് വരണാധികരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കും. ഒരിടവേളക്ക് ശേഷം മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം. സ്വരാജ് പ്രതികരിച്ചു.
പകൽ 2.30 ഓടെ സ്ഥാനാർഥിയുമായുള്ള റോഡ് ഷോ ആരംഭിക്കും. ബൈക്ക് റാലി, ചെണ്ടമേളം എന്നിവക്കൊപ്പം നിലമ്പൂർ കോടതി പടിയിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ഏഴുമണിയോടെ എടക്കരയിലാണ് അവസാനിക്കുക.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി സിന്ധുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

