Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കൂരകളിൽനിന്നും...

‘കൂരകളിൽനിന്നും അസ്ഥികൾ മരവിക്കുന്ന തണുപ്പിലേക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോൾ മുഴങ്ങുന്നുണ്ട്...’

text_fields
bookmark_border
‘കൂരകളിൽനിന്നും അസ്ഥികൾ മരവിക്കുന്ന തണുപ്പിലേക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോൾ മുഴങ്ങുന്നുണ്ട്...’
cancel

കോഴിക്കോട്: കർണാടകയിലെ ബുൾഡോസർ രാജിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവ് എം. സ്വരാജ്. മൂന്നു പതിറ്റാണ്ടായി അവിടെ കഴിയുന്ന മനുഷ്യരാണ് ഒരു രാത്രി അഭയാർത്ഥികളായി മാറിയതെന്നും നിമിഷനേരം കൊണ്ട് എല്ലാം തകർത്തെറിയപ്പെട്ടുവെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സംഘപരിവാർ ഭീകരതക്കും ബുൾഡോസർ രാജിനുമെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുകയും വാദിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ എന്താണ് കോൺഗ്രസെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നും സ്വരാജ് എഴുതുന്നു.

‘കോൺഗ്രസ് ഗവൺമെന്റിന്റെ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലും ന്യായീകരണ പ്രബന്ധങ്ങളുമായി കനഗോലുവിന്റെ കൂലിപ്പടയാളികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ബുൾഡോസർരാജ് പോലെയല്ല, ഇത് കർണാടകയിലെ ബുൾഡോസർരാജാണെന്നും ഇത് നല്ല ബുൾഡോസർ രാജാണെന്നുമുള്ള വിചിത്ര വാദങ്ങളുമായി കറങ്ങുന്ന കൂലിപ്പടയാളികളെ നവമാധ്യമങ്ങളിൽ കാണാം...’

അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്ന് പറയുന്നവരുണ്ട്. ഏറ്റവും വലിയ അനധികൃത കയ്യേറ്റക്കാരനാണ് കർണാടകയുടെ മുഖ്യമന്ത്രി എന്ന് ഓർക്കണം. മൈസൂരു അർബൻ ഡെവലപ്മെൻറ് അതോറിറ്റിയുടെ ഭൂമി സ്വന്തം ഭാര്യയുടെ പേരിൽ കയ്യേറി അവകാശം സ്ഥാപിക്കുകയും പിടിക്കപ്പെടുകയും ചെയ്ത കയ്യേറ്റക്കാരനായ പ്രതിയാണ് കർണാടക മുഖ്യമന്ത്രി -സ്വരാജ് കുറ്റപ്പെടുത്തുന്നു.

എം. സ്വരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

'സ്നേഹത്തിൻറെ കട'യുമായി തുർക്കുമാൻ ഗേറ്റിൽ നിന്നും യലഹങ്കയിലേക്ക്....

'എന്തിനാണ് നിങ്ങൾ എന്‍റെ മകനെ മഴയെത്തു നിർത്തിയിരിക്കുന്നത് ?'
ഹൃദയവേദനയോടെ ഇങ്ങനെ ചോദിച്ചത് പ്രൊഫ.ഈച്ചരവാര്യരായിരുന്നു. സ്വേച്ഛാധികാരവാഴ്ചയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർഥി രാജന്റെ അച്ഛൻ.

ജനാധിപത്യം പ്രസംഗിക്കാനുള്ള വിഷയമാണെന്നും പ്രയോഗിക്കാനുള്ളത് മറ്റൊന്നാണെന്നും കോൺഗ്രസ് തെളിയിച്ച നാളുകളായിരുന്നു അത്.

മനുഷ്യാവകാശ ലംഘനങ്ങളുടെയും കൂട്ടക്കുരുതികളുടെയും ചോരപുരണ്ട ചരിത്രമാണ് സ്വാതന്ത്ര്യാനന്തര കോൺഗ്രസിന്റേതെന്ന യാഥാർത്ഥ്യം പലരും സൗകര്യപൂർവ്വം മറക്കുന്നുണ്ട്.

ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കൾക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുർക്കുമാൻ ഗേറ്റിലെ പാവങ്ങൾ ബുൾഡോസറുകൾക്കു കീഴിൽ ചതഞ്ഞരഞ്ഞത്.

അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിൻ്റെ കുരുതികൾ തുടർന്നു. ഡൽഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടർന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോൺഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കർണാടകയിലെ യലഹങ്കയിൽ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാർത്തകൾ വരുന്നു.

യലഹങ്കയിലെ ഫക്കീർ കോളനിയിലെയും വസിം ലേഔട്ടിലേയും പാവപ്പെട്ടവരുടെ വീടുകളാണ് പുലർച്ചെ നാലുമണിയോടെ ബുൾഡോസറുകൾ ഇടിച്ചു നിരത്തിയത്.

ഭരിക്കുന്നത് കോൺഗ്രസാണ്. മൂന്നു പതിറ്റാണ്ടായി അവിടെ കഴിയുന്ന മനുഷ്യരാണ് ഒരു രാത്രിയിൽ അഭയാർത്ഥികളായി മാറിയത്. ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും മറ്റു രേഖകളുമുള്ള മനുഷ്യർ. നമ്പറും വൈദ്യുതി കണക്ഷനും ഉളള വീടുകൾ.... നിമിഷനേരം കൊണ്ട് എല്ലാം തകർത്തെറിയപ്പെട്ടു.

കർണാടകയിലെ കോൺഗ്രസ് ഗവൺമെന്റിന്റെ മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയരുന്നതിനിടയിലും ന്യായീകരണ പ്രബന്ധങ്ങളുമായി കനഗോലുവിന്റെ കൂലിപ്പടയാളികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ബുൾഡോസർരാജ് പോലെയല്ല , ഇത് കർണാടകയിലെ ബുൾഡോസർരാജാണെന്നും ഇത് നല്ല ബുൾഡോസർ രാജാണെന്നുമുള്ള വിചിത്ര വാദങ്ങളുമായി കറങ്ങുന്ന കൂലിപ്പടയാളികളെ നവമാധ്യമങ്ങളിൽ കാണാം.

150 വീടുമാത്രമേ പൊളിച്ചിട്ടുള്ളൂ! ആയിരം പേർക്കേ പ്രശ്നമുള്ളൂ!! തെരുവിലേക്ക് എറിയപ്പെട്ടവരിൽ എൺപത് ശതമാനം മാത്രമേ മുസ്ലിങ്ങൾ ഉള്ളൂ !!!കുടിയിറക്കപ്പെട്ടവർക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട് അതിനാൽ അവർ ഹാപ്പിയാണ്.... ഇങ്ങനെ പോകുന്നു കനഗോലുവിൻ്റെ കൂലിക്കാരുടെ വാദം.

എന്നാൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം ഉൾപ്പെടെയുള്ളവർ രൂക്ഷമായ ഭാഷയിൽ ബുൾഡോസർ രാജിനെതിരെ പ്രതിഷേധിച്ചു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ അച്ചാരം പറ്റിയ ഒറ്റുകാർ ആദ്യം ചിദംബംരത്തിന് ക്ലാസെടുക്കുന്നതാണ് നല്ലത്.

അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചതെന്ന് പറയുന്നവരുണ്ട്. ഏറ്റവും വലിയ അനധികൃത കയ്യേറ്റക്കാരനാണ് കർണാടകയുടെ മുഖ്യമന്ത്രി എന്ന് ഓർക്കണം. മൈസൂരു അർബൻ ഡെവലപ്മെൻറ് അതോറിറ്റിയുടെ ഭൂമി സ്വന്തം ഭാര്യയുടെ പേരിൽ കയ്യേറി അവകാശം സ്ഥാപിക്കുകയും പിടിക്കപ്പെടുകയും ചെയ്ത കയ്യേറ്റക്കാരനായ പ്രതിയാണ് കർണാടക മുഖ്യമന്ത്രി.

വൻകിട കയ്യേറ്റക്കാരൻ പാവങ്ങളുടെ കൂര പൊളിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
സംഘപരിവാർ ഭീകരതയ്ക്കും ബുൾഡോസർ രാജിനുമെതിരെ കോൺഗ്രസിനെ ആശ്രയിക്കാമെന്ന് കരുതുകയും വാദിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ എന്താണ് കോൺഗ്രസെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

പതിറ്റാണ്ടുകളായി താമസിക്കുന്ന കൂരകളിൽ നിന്നും അസ്ഥികൾ മരവിക്കുന്ന തണുപ്പിലേയ്ക്ക് ഇറക്കിവിടപ്പെട്ട ആയിരങ്ങളുടെ ചോദ്യം ഇന്ത്യയിലിപ്പോൾ മുഴങ്ങുന്നുണ്ട്.
ഈ കൊടും തണുപ്പിൽ ഞങ്ങളെ പുറത്തു നിർത്തിയിരിക്കുന്നത് എന്തിനാണ്???

കർണാടകയിലെ ബുൾഡോസർ രാജ്

അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനെന്ന കാരണം പറഞ്ഞാണ് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.

പുലർച്ച നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു. മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്നായിരുന്നു നേരത്തെ കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നൽകിയ പ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaM SwarajBulldozer Raj
News Summary - M Swaraj FB post about karnataka bulldozer raj
Next Story