എം. ശ്രീജിത്തിന് ശൗര്യചക്ര, നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവ മെഡൽ
text_fieldsഎം. ശ്രീജിത്
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നായ്ബ് സുബേദാര്‍ എം. ശ്രീജിത്തിന് ശൗര്യചക്ര പുരസ്കാരം. ഒളിമ്പിക്സ് താരം നീരജ് ചോപ്രക്ക് പരം വിശിഷ്ട സേവാ മെഡലും ലഭിച്ചു. 2021 ജൂലൈ എട്ടിന് രജൗരി ജില്ലയിലെ പാക് അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ നായ്ബ് സുബേദാര്‍ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത്.
മലയാളിയായ ലഫ്. ജനറല്‍ ജോണ്സന് പി. മാത്യു, ലഫ്. ജനറല്‍ പി. ഗോപാല കൃഷ്ണമേനോന് എന്നിവര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ഉത്തം യുദ്ധസേവ മെഡലും ലഫ്. ജനറല്‍ എം. ഉണ്ണികൃഷ്ണന് നായര്‍, ലഫ്. ജനറല്‍ സുബ്രഹ്മണ്യന് മോഹന്‍, മേജര്‍ ജനറല്‍മാരായ യു. സുരേഷ് കുമാര്‍, ഹരിഹരന് ധര്മരാജന്, വി.എം ഭുവന കൃഷ്ണന്, ആര്. രവികുമാര്‍ എന്നിവര്‍ ഉള്‍പ്പടെ 33 പേര്‍ക്ക് അതിവിശിഷ്ട സേവ മെഡലും ലഭിച്ചു.മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു ഉള്‍പ്പടെ പത്തു പേരാണ് യുദ്ധസേവ മെഡലിന് അർഹരായത്.
മേജര്‍മാരായ ജസ്റ്റിന് ജോസഫ്, രവി രാജന്, ക്യാപ്റ്റന്‍ രോഹിത് പി. നായര്‍ ഉള്‍പ്പടെ 81 പേര്‍ക്കാണ് ധീരതയ്ക്കുള്ള മെഡല്‍. മേജര്‍ ജനറല്‍ വിജയ് ഭാസ്കരന് നായര്‍, ബ്രിഗേഡിയര്‍ കൃഷ്ണന് മഹേഷ് എന്നിവര്‍ ഉള്‍പ്പടെ 40 പേർ വിശിഷ്ട സേവനത്തിനുള്ള സേന മെഡലിന് അർഹരായി. മൂന്ന് പേര്‍ക്ക് ബാര്‍ ടു വിശിഷ്ട സേവ മെഡല്‍ ലഭിച്ചു. ബ്രിഗേഡിയര്‍മാരായ കെ.എസ് ജോര്‍ജ്, ബി.കെ. വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പടെ 74 പേര്‍ക്കാണ് വിശിഷ്ട സേവാ മെഡല്‍.