സൗമ്യനിൽനിന്ന് വിവാദനായകനിലേക്ക്
text_fieldsതിരുവനന്തപുരം: കഴിവുറ്റ ഭരണാധികാരിയിൽനിന്ന് വിവാദ നായകനിലേക്കുള്ള യാത്രയാണ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ കരിയർ. കലക്ടർ, ടൂറിസം, പൊതുവിദ്യാഭ്യാസം ഡയറക്ടർ, കെ.എസ്.ഇ.ബി ചെയർമാൻ തുടങ്ങിയ തസ്തികകളിൽ കൈയടി വാങ്ങിയ അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നതുവരെ കാര്യമായ ആരോപണം ഉയർന്നിരുന്നില്ല. എൻജിനീയറിങ് ബിരുദധാരിയായ ശിവശങ്കറിന് ഡെപ്യൂട്ടി കലക്ടറായിരിക്കെ 1995ലാണ് ഐ.എ.എസ് ലഭിച്ചത്. മലപ്പുറം കലക്ടറായിരിക്കെ അക്ഷയ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി പദവികൾ വഹിക്കവെ അധ്യാപക പാക്കേജ് ആവിഷ്കരിച്ചതും ഇദ്ദേഹമാണ്.
കെ.എസ്.ഇ.ബി ചെയർമാനായിരിക്കെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിലേക്ക് എത്തിയത്. അര ഡസനിലധികം വിവാദങ്ങളാണ് ശിവശങ്കറിനെതിരെ നാലുവർഷത്തിനിടെ ഉയർന്നത്.
ഉദ്യോഗസ്ഥ മേധാവിത്തം ഓഫിസ് പ്രവർത്തനത്തെ ബാധിക്കുെന്നന്ന ആക്ഷേപത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജനെത്തുന്നത്. അതോടെ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവി മാത്രമായി. അടുത്ത കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായി സ്ഥാനക്കയറ്റവും ലഭിച്ചു. പ്രളയത്തിന് ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവ് കൺസൽറ്റൻറായി കെ.പി.എം.ജിയെ കൊണ്ടുവരാനുള്ള നീക്കം വിവാദമായിരുന്നു. ഒടുവിൽ കെ.പി.എം.ജിയെ മാറ്റിനിർത്തി. പ്രളയത്തെ തുടർന്ന് നഷ്ടപരിഹാരം നൽകുന്നതിന് ഐ.ടി വകുപ്പ് മുൻകൈയെടുത്ത് മൊബൈൽ ആപ് കൊണ്ടുവന്നതും പരാതിക്കിടയാക്കി. ആപ് സൗജന്യമാണെന്ന് പ്രചരിപ്പിച്ചെങ്കിലും അവസാനം എട്ടുലക്ഷം രൂപ നൽകേണ്ടിവന്നു.
കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറുമ്പോഴായിരുന്നു സ്പ്രിൻക്ലർ വിവാദം. ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യാൻ ശ്രമിെച്ചങ്കിലും റവന്യൂ മന്ത്രി ഇടപെട്ട് തടഞ്ഞു.
റവന്യൂ വകുപ്പിലെ ഡിജിറ്റൈസേഷൻ അട്ടിമറിച്ചതിന് പിന്നിൽ ശിവശങ്കറാണെന്ന ആക്ഷേപം ഭരണപക്ഷ കക്ഷികളിൽനിന്നുതന്നെയുണ്ട്. ദുരന്ത നിവാരണ വകുപ്പിനെ റവന്യൂവിെൻറ നിയന്ത്രണത്തിൽനിന്ന് തദ്ദേശ വകുപ്പിന് കീഴിലേക്ക് മാറ്റാനുള്ള ശ്രമവും സി.പി.ഐയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു. ലോക്ഡൗണിന് ശേഷം മദ്യവിതരണത്തിന് തയാറാക്കിയ ബെവ് ക്യു ആപ് പൊളിഞ്ഞപ്പോഴും ആരോപണമുന നീണ്ടത് ശിവശങ്കറിന് നേരെയായിരുന്നു. ഇ-മൊബിലറ്റി പദ്ധതിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കൺസൾറ്റൻസിയാക്കിയതും വിവാദമായി നിൽക്കുകയാണ്. കാര്യവട്ടത്ത് പ്രവർത്തിച്ചിരുന്ന ഐസിഫോസെന്ന സ്ഥാപനത്തെ ഗവേഷണ കേന്ദ്രമാക്കി 11 തസ്തിക അനുവദിപ്പിച്ചതും ശിവശങ്കറിനെതിരെ സംശയം ജനിപ്പിക്കുന്നതായിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
