എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
text_fieldsകൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മാറ്റി. ഡിസംബര്‍ രണ്ടിലേക്കാണ് മാറ്റിയത്. ഇ.ഡിയുടെ മറുപടി ലഭിക്കാനുള്ളതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഡിസംബർ രണ്ടിന് ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷൻ ഹാജരാകും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈകോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ല എന്നാണ് ജാമ്യാപേക്ഷയിൽ ശിവശങ്കർ പറയുന്നത്. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ശിവശങ്കർ വാദിച്ചു.
താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ല. ജാമ്യ ഹരജി തള്ളി പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താൻ വിളിച്ചുവെന്ന് പറയുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ചോദ്യംചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരാമർശിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ ഹൈകോടതിയെ അറിയിച്ചു.
സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിൽ നിന്ന് ലഭിച്ചതാണെന്ന ആദ്യ നിലപാട് ഇ.ഡി മാറ്റി. വിവിധ ഏജൻസികളിൽ നിന്ന് കൈപ്പറ്റിയ കൈക്കൂലി തുകയാണ് സ്വപ്ന സുരേഷിന്‍റെ പേരിലുള്ള ലോക്കറിൽ താൻ സൂക്ഷിച്ചിട്ടുള്ളതെന്ന ബാലിശമായ ആരോപണങ്ങൾ തെളിവില്ലാതെ ഇപ്പോൾ ഉന്നയിക്കുകയാണെന്നുമാണ് ശിവശങ്കർ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്.