തമിഴ്നാട്ടിൽനിന്ന് എം-സാൻഡ് ഉൾപ്പെടെ നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന് വിലക്ക്
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എം. സാൻഡും കരിങ്കല്ലും ഉൾപ്പെടെയുള്ള ധാതുവിഭവങ്ങൾ കൊണ്ടുപോകുന്നത് മൂന്നു മാസത്തേക്ക് നിരോധിച്ച് തമിഴ്നാട് സർക്കാർ. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനും നിയമവിരുദ്ധ കള്ളക്കടത്ത് തടയുന്നതിനും അമിതഖനനം പരിസ്ഥിതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നത് കണക്കിലെടുത്തുമാണ് തമിഴ്നാട് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതുസംബന്ധിച്ച് തമിഴ്നാട് ജിയോളജി ആൻഡ് മൈൻസ് ഡയറക്ടർ പ്രഭുശങ്കർ ജില്ല കല്ലക്ടർമാർ, ജില്ല പൊലീസ് സൂപ്രണ്ടുമാർ എന്നിവർക്ക് സർക്കുലറും അയച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് കല്ലുകൾ, പാറകൾ, ചരൽ, എം-സാൻഡ്, റോഡ് നിർമാണ കല്ലുകൾ എന്നിവയുൾപ്പെടെയുള്ള ധാതുക്കളുടെ കടത്തിന് മൂന്നുമാസത്തേക്ക് നിരോധനം ഏർപ്പെടുത്തണമെന്നാണ് ഉത്തരവ്.
തമിഴ്നാടിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കത്തയച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൽ വ്യക്തിപരമായ ഇടപെടൽ ആവശ്യപ്പെട്ടാണ് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് കത്തെഴുതിയത്.
വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഖനന ധാതുവിഭവങ്ങളുടെ സ്വാഭാവിക ലഭ്യത കേരളത്തിൽ പരിമിതമാണെന്നും നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദേശീയപാത പദ്ധതികൾക്കുള്ള ആവശ്യകതകൾ നിറവേറ്റുന്നതിന് സംസ്ഥാനം തമിഴ്നാട്ടിലെ അയൽ ജില്ലകളെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അന്തർ സംസ്ഥാന ഗതാഗതം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി ജൂലൈ ഒമ്പതിന് പുറത്തിറക്കിയ വിജ്ഞാപനം തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്ന് കേരളത്തിലേക്കുള്ള കല്ല്, എം.സാൻഡ് തുടങ്ങിയ ധാതുവിഭവങ്ങളുടെ നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റ് ഉറപ്പാക്കുക എന്ന തമിഴ്നാടിന്റെ നയത്തിനുപിന്നിലെ ലക്ഷ്യങ്ങളെ താൻ അഭിനന്ദിക്കുന്നതായും അതേസമയം ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് സമതുലിതമായ സമീപനം കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

