എം. സക്കീർ ഹുസൈന് നാടിന്റെ യാത്രാമൊഴി
text_fieldsതൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ‘മാധ്യമം’ മുൻ സീനിയർ കറസ്പോണ്ടന്റ് എം. സക്കീർ ഹുസൈന് നാടിന്റെ യാത്രാമൊഴി. മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതിലുപരി തൃശൂരിന്റെ സ്പന്ദനങ്ങൾ അറിയുന്ന സാംസ്കാരിക പ്രവർത്തകൻകൂടിയായിരുന്നു അദ്ദേഹം എന്നതിന്റെ തെളിവായിരുന്നു മരണവിവരമറിഞ്ഞ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ നീണ്ടനിര.
സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ അന്ത്യോപചാരമർപ്പിക്കാൻ തൃശൂർ കൂർക്കഞ്ചേരിയിലെ വീട്ടിലെത്തി. പി. ബാലചന്ദ്രൻ എം.എൽ.എ, തൃശൂർ മേയർ എം.കെ. വർഗീസ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീർ പി. മുജീബ് റഹ്മാൻ, അസിസ്റ്റന്റ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ്, ‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹ്, എഡിറ്റർ വി.എം. ഇബ്രാഹിം, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സർക്കുലേഷൻ ഡി.ജി.എം വി.സി. സലിം തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
‘മാധ്യമം’ മുൻ സീനിയർ റിപ്പോർട്ടർ എം. സക്കീർ ഹുസൈന് അന്തിമോപചാരം അർപ്പിക്കാൻ കൂർക്കഞ്ചേരിയിലെ വീട്ടിലെത്തിയവർ
കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവിടങ്ങളിലെ സാഹിത്യ സർഗാത്മക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു സക്കീർ ഹുസൈൻ. തൊഴിലിന്റെ ഭാഗമായും അല്ലാതെയും ഇവിടങ്ങളിലൊക്കെ സക്കീർ ഹുസൈനെ കാണാം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ റിപ്പോർട്ടിങ് ശൈലിയും ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. നാടകരംഗത്തും സജീവമായിരുന്നു.
സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ മികച്ച റിപ്പോർട്ടിങ്ങിനുള്ള മാധ്യമപുരസ്കാരം ഒന്നിലധികം തവണ സക്കീർ ഹുസൈനെ തേടിയെത്തി. മികച്ച റിപ്പോർട്ടർ എന്നതിലുപരി ഭിന്നമേഖലകളിൽ വ്യാപരിക്കുന്നതിലും അദ്ദേഹം ശ്രദ്ധപുലർത്തി. ഡോക്യുമെന്ററി ഫിലിം മേക്കർ, നാടകപ്രവർത്തകൻ, പ്രസാധകൻ, കലാസ്വാദകൻ എന്നിങ്ങനെ നീണ്ടുപോകും ആ നിര. ‘മാധ്യമ’ത്തിൽനിന്നു വിരമിച്ചതിനുശേഷവും രചനാമേഖലകളിൽ സജീവമായിതന്നെ തുടർന്നു. തൃശൂർ പൂരം, വിഷു, ഈദ്, ഓണം തുടങ്ങിയ വിശേഷാവസരങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളെ വെല്ലുന്ന തരത്തിലുള്ള പ്രത്യേക പതിപ്പുകൾ സ്വയം പുറത്തിറക്കി. അവയൊക്കെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തനിമ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി, കൂർക്കഞ്ചേരി സൻമാർഗദീപം വായനശാല ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

