കൊല്ലത്ത് സി.പി.എം സമ്മേളനം നടക്കുമ്പോൾ ചിത്രത്തിലില്ലാതെ മുകേഷ് എം.എൽ.എ; മാറിനിൽക്കുന്നതോ മാറ്റിനിർത്തിയതോ?
text_fieldsഫയൽ ഫോട്ടോ
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ ചിത്രത്തിലേ ഇല്ലാതെ സ്ഥലം എം.എൽ.എ എം. മുകേഷ്. സമ്മേളനത്തിന്‍റെ സംഘാടനത്തിൽ മുന്നിലുണ്ടാകേണ്ടിയിരുന്ന എം.എൽ.എയുടെ അസാന്നിധ്യം ചർച്ചയാവുകയാണ്. മുകേഷ് അകലം പാലിച്ചതോ, അതോ പാർട്ടി അകറ്റി നിർത്തിയതോ എന്നതാണ് വ്യക്തമാകാനുള്ളത്.
നടിയുടെ ലൈംഗികാരോപണം പാർട്ടിക്കുള്ളിലും ചർച്ചയായതിന് പിന്നാലെയാണ് മുകേഷ് സമ്മേളനത്തിൽ നിന്ന് അകന്നുനിൽക്കുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ മുകേഷിനെതിരെ വിമർശനം ശക്തമായിരുന്നു. ലൈംഗികാരോപണം നേരിടുന്ന എം.എൽ.എയെ സമ്മേളനത്തിന്‍റെ ഭാഗമാക്കേണ്ടെന്ന തീരുമാനമുണ്ടോയെന്ന തരത്തിൽ ചർച്ചകളുണ്ട്.
മുകേഷ് എം.എൽ.എ ജില്ലക്ക് പുറത്ത് സിനിമ ഷൂട്ടിങ്ങിലാണെന്നാണ് വിവരം. സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും മുകേഷ് എം.എൽ.എ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ, തനിക്കെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ ചെങ്കൊടിയുമേന്തി നിൽക്കുന്ന ഫോട്ടോയോടൊപ്പമാണ് മുകേഷ് വിശദീകരണക്കുറിപ്പ് നൽകിയത്. സർക്കാറിനും പാർട്ടിക്കുമെതിരായ നീക്കത്തിന്‍റെ ഭാഗമാണ് തനിക്കെതിരായ ആരോപണമെന്ന വാദവും ഉയർത്തിയിരുന്നു. തനിക്കെതിരായ ആരോപണത്തെ പാർട്ടിയെ മുൻനിർത്തി പ്രതിരോധിക്കുകയാണ് മുകേഷ് ചെയ്യുന്നതെന്ന ആരോപണം അന്ന് ഉയർന്നിരുന്നു.
ലൈംഗിക ആരോപണത്തെ തുടർന്ന് സിനിമ നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. എം.എൽ.എയെ ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

