ശക്തമായി അപലപിക്കുന്നു, വ്യക്തിപരമായ വിമർശനങ്ങളുടെ ഇടമല്ല തെരഞ്ഞെടുപ്പ്; ലീഗ് നേതാവിന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ എം. ലിജു
text_fieldsകായംകുളം: വ്യക്തിപരമായ വിമർശനങ്ങളോ ആക്ഷേപങ്ങളോ നടത്തേണ്ട ഇടമല്ല തെരഞ്ഞെടുപ്പെന്ന് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം. ലിജു. എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരായ മുസ്‌ലിം ലീഗ് നേതാവിന്‍റെ പരാമർശത്തെ അദ്ദേഹം അപലപിച്ചു. യു.ഡി.എഫിന് വേണ്ടി സ്ഥാനാർഥി എന്ന നിലയിൽ താൻ ഖേദം പ്രകടിപ്പിക്കുന്നതായി ലിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒരു വ്യക്തിക്ക് മാത്രമല്ല സമൂഹത്തിന് മുഴുവൻ വേദനയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു. പിന്നീടാണ് ആ ദൃശ്യം കണ്ടത്. അത് കണ്ടപ്പോൾ തന്നെ എന്‍റെ നിലപാട് വ്യക്തമാക്കി ഒരു ഫേസ്ബുക്ക് ലൈവ് ഇട്ടിരുന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് എന്‍റെ കാഴ്ചപ്പാട് ഒരിക്കലും വ്യക്തി അധിഷ്ഠിതമല്ല. വ്യക്തിപരമായ വിമർശനങ്ങളോ ആക്ഷേപങ്ങളോ നടത്തേണ്ട ഇടമല്ല തെരഞ്ഞെടുപ്പ് വേദികളും പ്രസംഗങ്ങളും. എന്‍റെ എതിർ സ്ഥാനാർഥിക്കെതിരായ യു.ഡി.എഫ് നേതാവിന്‍റെ പരാമർശങ്ങൾ ഒട്ടും ശരിയായി തോന്നിയില്ല. അത്തരം പരാമർശത്തെ ന്യായീകരിക്കില്ല. അതിനെ ശക്തമായി അപലപിക്കുന്നു' - എം. ലിജു പറഞ്ഞു.
എം.ലിജുവിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇർഷാദ് അധിക്ഷേപ പരാമർശം നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു. അധിക്ഷേപ പ്രസ്താവനയുടെ വിഡിയോ പുറത്തു വന്നതോടെ വലിയ വിമർശനമാണ് ലീഗ് നേതാവിന് നേരിടേണ്ടി വന്നത്.
തനിക്കെതിരായി പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു. പ്രതിഭ അറിയിച്ചു. ഇർഷാദിന്‍റെ പരാമർശം സ്ത്രീ സമൂഹത്തെ മുഴുവൻ അപമാനിക്കുന്നതാണെന്ന് പ്രതിഭ പറഞ്ഞു. പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നല്‍കുമെന്നും യു. പ്രതിഭ എം.എല്‍.എ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു.
അതേസമയം, എ. ഇർഷാദിനെ ലീഗിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംസ്ഥാന നേതൃത്വമാണ് അന്വേഷണ വിധേയമായി ഇർഷാദിനെ സസ്പെൻഡ് ചെയ്തത്. കായംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവീനറായിരുന്നു ഇർഷാദ്. ആദ്യ നടപടിയായി കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

