Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ. ജാനുവിനെ...

സി.കെ. ജാനുവിനെ ഉൾക്കൊള്ളാനുള്ള യു.ഡി.എഫ് നിലപാട് സ്വാഗതാർഹം -എം. ഗീതാനന്ദൻ; ‘മുത്തങ്ങയിൽ രക്തസാക്ഷി പരിവേഷം പേറി പണപ്പിരിവ് നടത്തിയവരല്ല ദലിത് ആദിവാസി നേതൃത്വം’

text_fields
bookmark_border
സി.കെ. ജാനുവിനെ ഉൾക്കൊള്ളാനുള്ള യു.ഡി.എഫ് നിലപാട് സ്വാഗതാർഹം -എം. ഗീതാനന്ദൻ; ‘മുത്തങ്ങയിൽ രക്തസാക്ഷി പരിവേഷം പേറി പണപ്പിരിവ് നടത്തിയവരല്ല ദലിത് ആദിവാസി നേതൃത്വം’
cancel

കണ്ണൂർ: സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയെ (ജെ.ആർ.പി) യു.ഡി.എഫ് അസോസിയേറ്റ് മെമ്പറാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ. ജനപിന്തുണ ഇല്ലെങ്കിലും ഇരുമുന്നണികളും സവർണ ജാതികളിലെ ചില നേതാക്കൾക്ക്, പേരിന് ഒരു പാർട്ടി ഉണ്ടെങ്കിലും മുന്നണികളിൽ സ്ഥാനംനൽകാറുണ്ട്. എന്നാൽ, വലിയ ജനപിന്തുണയും പൊതുസമ്മതിയും ഉണ്ടായിട്ടും മുത്തങ്ങ ഭൂസമരത്തിന് ശേഷം 2004ൽ സി.കെ ജാനുവിനെ യുഡിഎഫ് മുന്നണി അവഗണിക്കുകയായിരുന്നു. ആ സമീപനത്തിന് അന്ത്യം കുറിക്കാൻ തുടങ്ങി എന്ന് വേണം ജാനുവിന്റെ മുന്നണി പ്രവേശനത്തിൽ നിന്നും മനസ്സിലാക്കാനെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അരനൂറ്റാണ്ടോളമായി കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടത് -വലതു മുന്നണികൾ ബോധപൂർവം മാറ്റിനിർത്തുന്ന വിഭാഗമാണ് ദലിത് ആദിവാസികൾ. രാഷ്ട്രീയ പ്രബുദ്ധതയും സംഘടനാ ശേഷിയും ആൾബലവും ഉള്ള നിരവധി പേർ ദലിത് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്. സമുദായിക രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന നേതാവായിട്ടും കല്ലറ സുകുമാരൻ സാറിനെ വരെ മുന്നണിയിൽ അടുപ്പിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകൾ സി.കെ. ജാനുവിനെ തുറന്നുകാട്ടാൻ എന്ന പേരിൽ, ദലിത് ആദിവാസി വിഭാഗങ്ങളുടെ മുന്നണി പ്രവേശനത്തിന്റെ കാലികപ്രസക്തിയെ മറച്ചുവെക്കാൻ ശ്രമിക്കുകയാണണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുത്തങ്ങ സമരത്തിൻറെ അനുഭവങ്ങളിലൂടെ കടന്നുവന്ന ദലിത് ആദിവാസി നേതൃത്വം രക്തസാക്ഷി പരിവേഷവും പേറി, പണപ്പിരിവ് നടത്തി, ഓർമ്മകളെ കച്ചവടമാക്കിയവരല്ല. മുത്തങ്ങ വെടിവെപ്പും ജയിൽവാസവും കഴിഞ്ഞ് മുറിവുകൾ ഉണങ്ങുന്നതിനു മുമ്പ് തന്നെ എ.കെ. ആൻറണിയുമായി ആദിവാസി പുനരധിവാസം ചർച്ച ചെയ്തവരാണ്. നൂറുകണക്കിന് ആദിവാസികളെ ജയിൽ മോചിതരാക്കി കോടതികൾ കയറിയിറങ്ങുമ്പോഴും എ.കെ. ആന്റണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 7000 ഏക്കർ ആറളം ഫാമും19000 ഏക്കർ നിക്ഷിപ്ത വനഭൂമിയും മറ്റും ആദിവാസികൾക്ക് പതിച്ചു നൽകാൻ ആദിവാസികൾക്ക് ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണ്. മുത്തങ്ങയിലെ വെടിവെപ്പിന് ശേഷവും ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നു. അഡ്വക്കേസിക്കുള്ള സാധ്യതയാണ് യുഡിഎഫ് ഭരണത്തിൽ കിട്ടാറുള്ളത്. അതുകൊണ്ടാണ് സി കെ ജാനു യുഡിഎഫിൽ പ്രതീക്ഷയർപ്പിക്കുന്നത് -ഗീതാനന്ദൻ അഭിപ്രായപ്പെട്ടു.

കുറിപ്പിന്റെ പൂർണരൂപം:

സി.കെ. ജാനുവിനെ ഉൾക്കൊള്ളാൻ തീരുമാനമെടുത്ത U D F നിലപാട് സ്വാഗതാർഹം.

സി.കെ. ജാനുവിനെയും JRP -എയും മുന്നണിയുടെ ഭാഗമാക്കാൻ തീരുമാനമെടുത്ത U D F നിലപാട് സ്വാഗതാർഹമാണ്. അരനൂറ്റാണ്ടോളമായി കേരളത്തിൽ മാറിമാറി അധികാരത്തിൽ വരുന്ന ഇടത് -വലതു മുന്നണികൾ ബോധപൂർവ്വം മാറ്റിനിർത്തുന്ന വിഭാഗമാണ് ദലിത് ആദിവാസികൾ. രാഷ്ട്രീയ പ്രബുദ്ധതയും സംഘടനാ ശേഷിയും ആൾബലവും ഉള്ള നിരവധി പേർ ദലിത് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്. സമുദായിക രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന നേതാവായിട്ടും കല്ലറ സുകുമാരൻ സാറിനെ വരെ മുന്നണിയിൽ അടുപ്പിച്ചിരുന്നില്ല.

മുത്തങ്ങ ഭൂസമരത്തിന് ശേഷം 2004ൽ ജാനുവിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വ്യക്തിപരമായി സി.കെ. ജാനു യു.ഡി.എഫ് പ്രവേശനത്തിന് ശ്രമം നടത്തുകയും ചെയ്തിരുന്നു. ഞാൻ ഉൾപ്പെടെയുള്ള സംഘടന നേതൃത്വത്തിന്റെ അറിവോടെയാണ് അതിന് ശ്രമിച്ചിരുന്നത്. എന്നാൽ യുഡിഎഫിലെ ഒരു വിഭാഗം ജാനുവിന് സ്ഥാനാർഥിത്വം നൽകുന്നതിന് എതിരായിരുന്നു.

ജനപിന്തുണ ഇല്ലെങ്കിലും ഇരുമുന്നണികളും സവർണ ജാതികളിലെ ചില നേതാക്കൾക്ക്, പേരിന് ഒരു പാർട്ടി ഉണ്ടെങ്കിലും മുന്നണികളിൽ സ്ഥാനംനൽകാറുണ്ട്. എന്നാൽ, വലിയ ജനപിന്തുണയും പൊതുസമ്മതിയും ഉണ്ടായിട്ടും സി.കെ ജാനുവിനെ യുഡിഎഫ് മുന്നണി അവഗണിക്കുകയായിരുന്നു. ആ സമീപനത്തിന് അന്ത്യം കുറിക്കാൻ തുടങ്ങി എന്ന് വേണം ജാനുവിന്റെ മുന്നണി പ്രവേശനത്തിൽ നിന്നും മനസ്സിലാക്കാൻ.

ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് എന്ന നിലയിൽ അല്ല സി.കെ. ജാനുവിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത്. വിഭവശേഷിയും സംഘാടക ശേഷിയും കുറവെങ്കിലും രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു നേതൃനിര ദലിത് ആദിവാസി വിഭാഗങ്ങളിൽ ഉണ്ടെന്നും ജനാധിപത്യ പ്രക്രിയയിൽ അംബേദ്കറൈറ്റുകളും ദലിത് ആദിവാസി ബഹുജൻ വിഭാഗങ്ങളും ഗണ്യമായ ഒരു പങ്കുവഹിക്കുന്നു എന്നുമുള്ള തിരിച്ചറിവാണ് യുഡിഎഫ് നേതൃത്വം ഇപ്പോൾ സി.കെ. ജാനുവിനെ ഉൾക്കൊള്ളുന്നതിന് കാരണം.

സി.കെ ജാനു യുഡിഎഫ് മുന്നണി തിരഞ്ഞെടുക്കുന്നതിന് കാരണമായി പറയുന്ന ന്യായവാദവും വലിയൊരു പരിധി വരെ ശരിയാണ്. ചെങ്കൊടിക്കു കീഴിൽ അണിനിരത്തപ്പെട്ടവരായിരുന്നിട്ടും ദലിത് ആദിവാസി വിഭാഗങ്ങളെ വിഭവവും സമ്പത്തും ആർജിക്കാനും സ്വതന്ത്രമായി സംഘടിക്കാനും ഉള്ള എല്ലാ സാധ്യതകളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷ മുന്നണിയും എക്കാലവും തടഞ്ഞു കൊണ്ടിരുന്നു. ആദിവാസി ഭൂമിയും സ്വയംഭരണവും സംബന്ധിച്ച ഭരണഘടനാ അവകാശങ്ങളെ കുറിച്ച് ഇടതുപക്ഷം എക്കാലവും അജ്ഞത നടിച്ചു കൊണ്ടിരുന്നു.

ഭൂപരിഷ്കരണ നിയമം വഴി ദലിതരെ വഞ്ചിച്ചു എന്ന് മാത്രമല്ല, അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള നിയമം റദ്ദാക്കി കുടിയേറ്റക്കാർക്ക് ആദിവാസി ഭൂമിയിൽ അവകാശം നൽകി. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകുമെന്ന് വ്യവസ്ഥ നടപ്പാക്കിയുമില്ല. സി.കെ ജാനു ഉൾപ്പെടെയുള്ള പുതിയ നേതൃത്വങ്ങളെല്ലാം ഇടതുപക്ഷ വിരുദ്ധരായതിന് മേൽപ്പറഞ്ഞ കാരണങ്ങളുണ്ട്. 2000- 2001 മുതൽ കേരളത്തിലെ ആദിവാസികൾ പുതിയ ഒരു മൂവ്മെന്റ് തുടങ്ങിയപ്പോൾ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നിട്ട് പോലും ആദിവാസി സമരത്തിന് എതിരായിരുന്നു.

ഗോത്ര മഹാസഭയെ പൊളിക്കാൻ എകെഎസ്, പികെഎസ് തുടങ്ങിയ ജാതി ഗ്രൂപ്പുകൾക്കാണ് വിപ്ലവ പാർട്ടിക്കാർ രൂപം കൊടുത്തത്. കേരളത്തിൽ പ്രക്ഷോഭകാരികളായ ആദിവാസികളെ ഒരു നേതൃത്വമായി അംഗീകരിക്കുകയും അവരുമായി ഒരു ഉഭയ കക്ഷി കരാർ ഉണ്ടാക്കുകയും ചെയ്യുന്നത് എ കെ ആന്റണിയും യുഡിഎഫുമാണ്. അന്ന് രൂപം നൽകിയ ആദിവാസി പുനരുധിവാസ മിഷൻ സംവിധാനം വഴി ഏറ്റെടുത്ത ഭൂമി മാത്രമേ പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴും കൊടുത്തിട്ടുള്ളൂ.

മുത്തങ്ങ ഭൂസമരത്തെ ആൻറണി സർക്കാർ അടിച്ചമർത്തിയെങ്കിലും ആദിവാസി പുനരധിവാസ പദ്ധതി ഇപ്പോഴും തുടരുന്നുണ്ട്. വിഎസ് അച്യുതാനന്ദൻ സർക്കാരും പിണറായി സർക്കാരും രണ്ടര ദശകത്തോളം ഭരണം നടത്തിയിട്ടും ആദിവാസികൾക്ക് നൽകാൻ ഒരു സെൻറ് ഭൂമി പോലും എവിടെയും ഏറ്റെടുത്തിട്ടില്ല. ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന ഇടപെടലിന്റെ ഭാഗമായി സുപ്രീം കോടതി അംഗീകാരം നൽകിയ ഭൂമിയിൽ 10,000 ഏക്കർ ഇപ്പോഴും പതിച്ചു നൽകാതെ കിടക്കുന്നു. വയനാട് മരിയനാട് എസ്റ്റേറ്റിലും, നിലമ്പൂരിൽ ബിന്ദു വൈലാശേരിക്കും ഇപ്പോഴും സമരം ചെയ്യേണ്ടി വരുന്നു.

ജാതിമത ശക്തികൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന ഭരണകൂടത്തിന്റെ വംശീയ മുഖം യുഡിഎഫ് ഭരണകാലത്താണ് മുത്തങ്ങ വെടിവെപ്പിലൂടെ നമ്മൾ കണ്ടതെങ്കിലും, ഇതേ കാലഘട്ടത്തിൽ തന്നെയാണ് ഭൂവിതരണ നടപടികളും മുന്നോട്ടുപോയത്. വസ്തുത ഇതായിരിക്ക സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രൊഫൈലുകൾ സി.കെ. ജാനുവിനെ തുറന്നുകാട്ടാൻ എന്ന പേരിൽ, ദലിത് ആദിവാസി വിഭാഗങ്ങളുടെ മുന്നണി പ്രവേശനത്തിന്റെ കാലികപ്രസക്തിയെ മറച്ചുവെക്കാൻ ശ്രമിക്കുകയാണ്.

മുത്തങ്ങ സമരത്തിൻറെ അനുഭവങ്ങളിലൂടെ കടന്നുവന്ന ദലിത് ആദിവാസി നേതൃത്വം രക്തസാക്ഷി പരിവേഷവും പേറി, പണപ്പിരിവ് നടത്തി, ഓർമ്മകളെ കച്ചവടമാക്കിയവരല്ല. മുത്തങ്ങ വെടിവെപ്പും ജയിൽവാസവും കഴിഞ്ഞ് മുറിവുകൾ ഉണങ്ങുന്നതിനു മുമ്പ് തന്നെ എ.കെ. ആൻറണിയുമായി ആദിവാസി പുനരധിവാസം ചർച്ച ചെയ്തവരാണ്. നൂറുകണക്കിന് ആദിവാസികളെ ജയിൽ മോചിതരാക്കി കോടതികൾ കയറിയിറങ്ങുമ്പോഴും എ.കെ. ആന്റണിയുമായി ചർച്ച നടത്തിയിട്ടുണ്ട്. 7000 ഏക്കർ ആറളം ഫാമും19000 ഏക്കർ നിക്ഷിപ്ത വനഭൂമിയും മറ്റും ആദിവാസികൾക്ക് പതിച്ചു നൽകാൻ ആദിവാസികൾക്ക് ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണ്. മുത്തങ്ങയിലെ വെടിവെപ്പിന് ശേഷവും ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നു. അഡ്വക്കേസിക്കുള്ള സാധ്യതയാണ് യുഡിഎഫ് ഭരണത്തിൽ കിട്ടാറുള്ളത്. അതുകൊണ്ടാണ് സി കെ ജാനു യുഡിഎഫിൽ പ്രതീക്ഷയർപ്പിക്കുന്നത്.

ആദിവാസി ദലിത് വിഭാഗങ്ങളുടെ ഭൂമിക്കും അവസരസമത്വത്തിനും വേണ്ടിയുള്ള ശബ്ദം ജനാധിപത്യ സംവിധാനത്തിന്റെ ഉള്ളിലും പുറത്തും നടക്കേണ്ടതുണ്ട്. പുറത്ത് ശക്തമായ ഒരു സാമുദായിക രാഷ്ട്രീയ സാന്നിധ്യം അന്ന് ഗോത്ര മഹാസഭ നിലനിർത്തിയിട്ടുണ്ട്.

2016ൽ സംഘപരിവാർ കൂടാരത്തിൽ പോയ സി കെ ജാനുവിന്റെ തെറ്റായ തീരുമാനം കേരളത്തിലെ അതിദുർബലരായ ഗോത്രവർഗ്ഗക്കാരെ അനാഥമാക്കിയിട്ടുണ്ട്. പണിയർ, അടിയ, കാട്ടുനായ്ക്ക, വേട്ട കുറുമ, വേടർ തുടങ്ങിയവർക്ക് ശബ്ദം നൽകിയ ഗോത്ര മഹാസഭയിലെ മനുഷ്യരെ സി.കെ ജാനു പെരുവഴിയിൽ ഉപേക്ഷിച്ചിട്ടുണ്ട്. അതിന് എൽഡിഎഫ് ,യുഡിഎഫ് ,എൻഡിഎ തുടങ്ങിയവർ ഉത്തരവാദികൾ അല്ല. അത് തെറ്റായ ഒരു തീരുമാനത്തിന്റെ ഫലമാണ്. അത് തിരിച്ചുപിടിക്കാനുള്ള മതിയായ ഒരു ഉപാധിയല്ല സി കെ ജാനു ഇപ്പോൾ രൂപം നൽകിയിരിക്കുന്ന ജെ.ആർ.പി. സാമുദായിക രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച പരിചയസമ്പന്നരായ ആരെങ്കിലും ജെ.ആർ.പിയിൽ ഉണ്ടോ എന്ന് സംശയമാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളം പടർന്നു പന്തലിച്ചു നിൽക്കുന്ന ആദിവാസി ഊര് കൂട്ടങ്ങളിൽ വേരുകൾ ഉള്ള ഗോത്ര മഹാസഭയ്ക്ക് പകരം ചാരിറ്റി പ്രവർത്തനം നടത്താനുള്ള "ഗോത്ര മഹാസഭ" എന്ന ഒരു രജിസ്റ്റേഡ് സൊസൈറ്റി മാത്രമാണ് ഇപ്പോൾ സി.കെ ജാനു കൊണ്ടുനടക്കുന്നത്. സംഘപരിവാർ ബന്ധം ഉപേക്ഷിക്കുമ്പോൾ തന്നെ രാഷ്ട്രീയ മുന്നണിയിൽ ഒരു ശബ്ദമാകാൻ, ആദിവാസി ദലിത് വിഭാഗങ്ങൾക്കിടയിൽ അടിത്തറ ഉണ്ടാക്കാൻ എന്ത് പദ്ധതിയാണ് ഉള്ളത് എന്ന് സി കെ ജാനുവും കൂട്ടരും ആലോചിച്ചു തുടങ്ങണം. സമ്മർദ്ദ ശക്തിയാകാൻ കഴിയണമെങ്കിൽ പുറത്ത് ആൾബലവും മുന്നണി സംവിധാനത്തിൽ ഇടപെടാനുള്ള പദ്ധതികളും ഒരേസമയംവേണം. പ്രിവിലേജ് ഉള്ള സവർണ്ണ രാഷ്ട്രീയ നേതാക്കൾക്ക് അതിന്റെ ആവശ്യമില്ല. ദലിത് ആദിവാസി വിഭാഗങ്ങൾക്ക് അതുകൂടിയേ തീരൂ.

അതില്ലെങ്കിൽ അവർ കാഴ്ചക്കാരായി മാറും. അതോടൊപ്പം പ്രബുദ്ധതയും ശേഷിയുമുള്ള അസംഖ്യം ആദിവാസി നേതൃത്വം കേരളത്തിലുണ്ട്. അത്തരം നേതൃത്വങ്ങളുടെ കർമ്മ ശേഷിയും സാധ്യതയും ഉൾക്കൊള്ളാൻ ഇടത് വലത് മുന്നണികൾക്ക്, പ്രത്യേകിച്ചും യുഡിഎഫിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

എം ഗീതാനന്ദൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK Janumuthangam geethanandanUDF
News Summary - m geethanandan welcome ck janu associate membership in udf
Next Story