ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ്
text_fieldsതിരുവനന്തപുരം: ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, കറിപൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്.
വിതരണം ജൂലൈ ആദ്യവാരം ആരംഭിക്കും. അറിയിപ്പ് സ്കൂൾ മുഖാന്തരം രക്ഷിതാക്കൾക്ക് നൽകും. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോ അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറിവിഭാഗത്തിന് നൽകുന്നത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോ അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ് നൽകും.
ഏപ്രിൽ, േമയ് മാസങ്ങളിലെ അവധിദിനങ്ങൾ ഒഴിവാക്കിയുള്ള 40 ദിവസങ്ങൾക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തിൽ വരുന്ന തുകക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്.
സെപ്ലെകോയാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. സ്കൂൾ ഉച്ചഭക്ഷണകമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ സാമൂഹിക അകലം പാലിച്ച് വിതരണം ചെയ്യും. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
