സർക്കാർ ജോലി കാത്ത് 52 ദിവസം; തെരുവിൽ പൂക്കളമിട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ
text_fieldsതിരുവനന്തപുരം: സർക്കാർ ജോലിയിൽ പ്രവേശിച്ച് ആദ്യ ഓണം ആഘോഷിക്കേണ്ട സമയത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവേദിയിൽ ഓണം ആഘോഷിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാർ. സമരം 52-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് തിരുവോണ ദിനത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിൽ പൂക്കളം ഒരുക്കിയത്.
ഓൾ കേരള എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. നിയമനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സമരക്കാർ പറഞ്ഞു. സർക്കാർ സർവിസിൽ പ്രവേശിച്ചിരുന്നെങ്കിൽ ഈ വർഷം ആദ്യ ഓണം ജോലിയിൽ ആഘോഷിക്കാമായിരുന്നുവെന്ന് അസോസിയേഷൻ സെക്രട്ടറി എസ്. വാളർമതി പറഞ്ഞു. സമരം ആരംഭിച്ച് 52 ദിവസം പിന്നിട്ടിട്ടും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി.
കേരള പബ്ലിക് സർവിസ് കമീഷൻ 2025 മേയിൽ പ്രസിദ്ധീകരിച്ച ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചക്ക് പിന്നാലെ അസോസിയേഷൻ 13 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. ആവശ്യങ്ങൾ പരിശോധിക്കാൻ സർക്കാർ 45 ദിവസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം.
എന്നാൽ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.
സമരത്തിന്റെ ഭാഗമായി നേരത്തെയും ഉദ്യോഗാർഥികൾ വ്യത്യസ്തമായ പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പുല്ല് തിന്നുകൊണ്ടുള്ള പ്രതിഷേധവും ഇതിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

