കേന്ദ്രം ശ്രമിക്കുന്നത് അടുക്കള പൂട്ടിക്കാൻ -സി.പി.എം
text_fieldsതിരുവനന്തപുരം: പാചകവാതക വില അടിക്കടി വർധിപ്പിച്ച് അടുക്കള തന്നെ പൂട്ടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കോവിഡിന്‍റെ പിടിയിൽനിന്ന് കരകയറാൻ രാജ്യം പ്രയാസപ്പെടുമ്പോൾ വിലവർധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധമുയരണം.
ബി.ജെ.പി സർക്കാർ ഇപ്പോൾ അധികാരത്തിൽ വരുമ്പോൾ 405 രൂപയുണ്ടായിരുന്ന പാചകവാതക വില 1000 കടന്നിരിക്കുന്നു. ഒമ്പത് മാസത്തിനിടെ, 255 രൂപയാണ് വർധിച്ചത്. വാണിജ്യ സിലിണ്ടറിനുള്ള വിലയും കൂട്ടിയിരുന്നു. പെട്രോൾ, ഡീസൽ വിലയും അടിക്കടി വർധിപ്പിക്കുകയാണ്. മണ്ണെണ്ണ വിലയും കുത്തനെ ഉയരുകയാണ്. 2020 മെയിൽ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായിരിക്കുന്നു. രണ്ടുവർഷത്തിനിടെ, 66 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.