വാണിജ്യ എൽ.പി.ജി വിഹിതം 20 ശതമാനം കൂട്ടി; പി.എൻ.ജിക്ക് അപേക്ഷിക്കണമെന്ന് ഉപാധി
text_fieldsന്യൂഡൽഹി: വാണിജ്യ എൽ.പി.ജി വിഹിതം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 20 ശതമാനംകൂടി കൂട്ടാൻ സർക്കാർ അനുമതി. ഇതോടെ മൊത്തം വിഹിതം 50 ശതമാനമാകും. ആഭ്യന്തര ഉൽപാദനം കൂടിയതോടെ സ്ഥിതിഗതികൾ സാവകാശം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
പശ്ചിമേഷ്യൻ യുദ്ധം നീളുന്നതാണ് ഇന്ത്യയിലേക്കുള്ള ഊർജ വിതരണം തടസ്സപ്പെടുത്തിയത്. പ്രാരംഭഘട്ടത്തിൽ ഗാർഹികാവശ്യത്തിന് മുൻഗണന നൽകിയാണ് വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എൽ.പി.ജി വിതരണം വെട്ടിക്കുറച്ചത്.
റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, വ്യവസായ കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ, സമൂഹ അടുക്കള മുതലായവക്കാണ് ശനിയാഴ്ച പ്രഖ്യാപിച്ച 20 ശതമാനം കൂടുതൽ വിഹിതത്തിന്റെ പ്രയോജനം ലഭിക്കുക. വാണിജ്യ സ്ഥാപനങ്ങൾ ഇന്ധന കമ്പനികളിൽ രജിസ്റ്റർ ചെയ്ത്, പൈപ്പിലൂടെയുള്ള പ്രകൃതിവാതകത്തിന് അപേക്ഷിക്കണമെന്ന ഉപാധിയോടെയാണ് അധിക വിഹിതം അനുവദിക്കുകയെന്ന് പെട്രോളിയം വകുപ്പ് സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗാർഹിക എൽ.പി.ജി വിതരണം ഭദ്രമാണെന്നും, വിതരണ ശൃംഖലകളിൽ ഇപ്പോൾ പോരായ്മകൾ ഇല്ലെന്നും സാധാരണ രീതിയിൽ വിതരണം തുടരുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവന അറിയിച്ചു. പരിഭ്രാന്തരായി തിരക്കിട്ട് സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ കർശന ജാഗ്രത വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

