സമൃദ്ധിയിൽ ഇനി വിറകടുപ്പിന്‍റെ രുചി; മെനുവും കുറച്ചു
text_fieldsകൊച്ചി സമൃദ്ധിയിൽ മേയർ അഡ്വ. വി.കെ. മിനിമോളുടെയും ഡെപ്യൂട്ടി മേയർ ദീപക് ജോയിയുടെയും സാന്നിധ്യത്തിൽ
വിറകടുപ്പിൽ പാചകം തുടങ്ങിയപ്പോൾ
കൊച്ചി: പാചക വാതക ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ വിറകടുപ്പിലേക്ക് മാറി എറണാകുളം നഗരത്തിലെ ജനകീയ ഹോട്ടലായ സമൃദ്ധി. പത്ത് ടൺ വിറകാണ് ഇന്നലെ എത്തിച്ചത്. ഇത് നാലു ദിവസത്തേക്ക് മാത്രമേ തികയൂ. ചൈനീസ് ഉൾപ്പെടെ വിഭവങ്ങൾ തൽക്കാലത്തേക്ക് നിർത്തിയിട്ടുണ്ട്.
ഏഴോളം ചിക്കൻ വിഭവങ്ങൾ വിളമ്പിയിരുന്നത് ഒരെണ്ണമായി കുറച്ചു. ബീഫ് ഇനങ്ങളും ഒരെണ്ണം മാത്രമാക്കി. ഉച്ചയൂൺ മാത്രമാണ് സമൃദ്ധിയിൽ ഇപ്പോൾ വിളമ്പുന്നത്. പൊതിച്ചോറടക്കം നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ മിക്ക ഹോട്ടലുകളും മെസുകളും അടച്ചതോടെ സമൃദ്ധിയിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം പരമാവധി കുറച്ച് ആവശ്യക്കാർക്ക് ഭക്ഷണം നൽകാനാണ് സമൃദ്ധിക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.
മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അധ്യക്ഷൻ ആന്റണി പൈനുതറ, കൗൺസിലർമാരായ എം.ജി. അരിസ്‌റ്റോട്ടിൽ, അഗസ്റ്റിൻ സെബാസ്റ്റ്യൻ (ടൈസൺ) എന്നിവർ സമൃദ്ധി സന്ദർശിച്ചു. ഭക്ഷണ ലഭ്യത ഉറപ്പാക്കുമെന്ന് മേയർ പ്രതികരിച്ചു. ഗ്യാസ് ക്ഷാമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും വിറകടുപ്പ് ഉപയോഗിച്ച് പരമാവധി ആൾക്കാർക്ക് ഭക്ഷണം നല്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നഗരത്തിൽ ഭക്ഷണലഭ്യത ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. പ്രതിസന്ധി തീരും വരെ നോർത്തിൽ സമൃദ്ധിയിൽ ഭക്ഷണം തയാറാക്കിയായിരിക്കും മറ്റുള്ള ഔട്ട്ലറ്റിലേക്ക് എത്തിക്കുക.
കോർപറേഷന്റെ ഇന്ദിര കാൻറീൻ ഉദ്ഘാടനം ഇന്ന്
സമൃദ്ധിയെ തകർക്കാനെന്ന് ഇടതുപക്ഷം ആരോപിച്ച, കോർപറേഷൻ യു.ഡി.എഫ് ഭരണസമിതിയുടെ പുതിയ പദ്ധതിയായ ഇന്ദിര കാൻറീൻ ഉദ്ഘാടനം ശനിയാഴ്ച നടക്കും. 'വിശക്കുന്നവർക്ക് കരുതലായി, കൊച്ചിക്ക് താങ്ങായി' എന്ന ടാഗ് ലൈനോടെയാണ് ഇന്ദിര കാൻറീൻ ആരംഭിക്കുന്നത്.
കോർപറേഷന്റെ ഇടപ്പള്ളി സോണൽ ഓഫിസിൽ രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കാൻറീൻ ആരംഭിച്ചാൽ കൊച്ചിയിലുള്ളവർക്ക് വെറും 50 രൂപക്ക് മൂന്നു നേരത്തെ ഭക്ഷണം കഴിക്കാനാവുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പ്രഭാതഭക്ഷണം-10, ഉച്ചഭക്ഷണം-30, അത്താഴം-10 എന്നിങ്ങനെയാണ് ഭക്ഷണത്തിന്റെ വിലനിരക്ക്. യു.ഡി.എഫ് ഭരണസമിതിയുടെ 50 ഇന കർമ പദ്ധതിയിൽ പ്രധാനപ്പെട്ടതാണ് ഇന്ദിര കാൻറീൻ.
മികച്ചരീതിയിൽ മുന്നോട്ടുപോകുന്ന, ഏറെ ജനകീയമായ സമൃദ്ധിയെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദിര കാൻറീൻ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ പ്രതിപക്ഷവും മുൻ മേയറും ഇടതു നേതാക്കളുമെല്ലാം നേരത്തെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

