പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് ഹോട്ടൽ ജീവനക്കാരി മരിച്ചു
text_fieldsചെങ്ങന്നൂർ: പാചക വാതക സിലിണ്ടർ ചോർന്നുണ്ടായ അഗ്‌നിബാധയിൽ ഹോട്ടൽ ജീവനക്കാരി വെന്തുമരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ കടയ്‌ക്കേത്ത് അയ്യത്തു വീട്ടിൽ ചന്ദ്രൻ പിളളയുടെ ഭാര്യ ഇന്ദിര സി. പിളള (48)യാണ് മരണമടഞ്ഞത്. നഗരമധ്യത്തിൽ ബഥേൽ ജംഗ്ഷനു സമീപം വാഴയിൽ ഭാഗത്ത് കൊച്ചു പുരയ്ക്കൽ സുഭാഷ് ഗോപാലിന്റെ ഉടമസ്ഥതയിലുളള മോനായിയുടെ കട എന്ന ഹോട്ടലിന്റെ അടുക്കളയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 8ന് അടുക്കളയിൽ പുതിയ പാചകവാതക സിലിണ്ടർ ഗ്യാസ് സ്റ്റൗവിലെ റഗുലേറ്റർ ഘടിപ്പിക്കുന്നതിനിടയിൽ ഉണ്ടായ വാതക ചോർച്ചയാണ് തീപിടുത്തത്തിനുകാരണം.
സിലണ്ടറിന്റെ അടപ്പ് തുറക്കുന്നതോടെ വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന വലിയ ഗ്യാസ് സിലണ്ടറിൽ നിന്നും ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റി. ഗ്യാസ് കുറ്റി വെച്ചിരുന്ന മുറുയുടെ എതിൽവശത്തെ മുറിയിലാണ് ഇന്ദിര ഇരുന്നത്. ഈ രണ്ടുമുറിക്കും മധ്യഭാഗത്തുളള മുറിയിൽ പാചകം നടക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നും തീ പടർന്ന് ഇന്ദിര ഇരുന്ന മുറിയിലേക്ക് തീ ആളിപ്പടർന്നു. ഇതു കണ്ട മറ്റു ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപെട്ടെങ്കിലും ഇന്ദിരയ്ക്ക് പുറത്തു കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും ഹോട്ടൽ നിന്ന ഭാഗത്തേക്കുളള ചെറിയറോലേക്ക് വാഹനം കടത്തികൊണ്ടു പോകാൻ കഴിഞ്ഞില്ല.
ഇതെ തുടർന്ന് ഫയർഫോഴ്സിന്റെ ചെറിയവാഹനം എത്തിച്ചാണ് 8.30മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ശരീരമാസകലം ഗുരുതരമായി പൊളളലേറ്റ ഇന്ദിരയെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണം സംഭവിച്ചു.ചെങ്ങന്നൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.സംസ്‌കാരം പിന്നീട്. മകൻ: അരുൺ സി. പിളള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
