എൽ.പി, യു.പി അപ്ഗ്രഡേഷൻ: നൂറിലേറെ ഹരജികൾ ഹൈകോടതി തള്ളി
text_fieldsകൊച്ചി: പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എൽ.പി സ്കൂളുകളിൽ അഞ്ചാം ക്ലാസും യു.പി സ്കൂളുകളിൽ എട്ടാം ക്ലാസും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെൻറുകൾ നൽകിയ 133 ഹരജികൾ ഹൈകോടതി തള്ളി. അതേസമയം, അംഗപരിമിത വിദ്യാർഥിക്ക് പഠനം തുടരാൻ കോഴിക്കോട് ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂളിൽ എട്ടാം ക്ലാസിന് അനുമതി നൽകാൻ സർക്കാറിന് നിർദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കകം പുറപ്പെടുവിക്കണം.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിെൻറ അടിസ്ഥാനത്തിൽ എൽ.പി, യു.പി സ്കൂളുകൾ പുനഃക്രമീകരിക്കാൻ സർക്കാർ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും അപ്ഗ്രഡേഷനുവേണ്ടി തയാറാക്കിയ സ്കൂൾ മാപ്പിങ്ങിെൻറ പരിധിയിൽ വരാത്തത് ചോദ്യം ചെയ്തുമാണ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചത്. എന്നാൽ, അപ്ഗ്രേഡ് ചെയ്യപ്പെടാൻ അർഹതയുണ്ടെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ ആവശ്യം പരിശോധിച്ചുമാത്രം അഞ്ചാം ക്ലാസും എട്ടാം ക്ലാസും വർധിപ്പിക്കാൻ അനുമതി നൽകണമെന്നാണ് നിയമത്തിൽ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ തുടങ്ങാനെന്നപോലെ അപ്ഗ്രഡേഷനും വേണ്ട അടിസ്ഥാന ഘടകം വിദ്യാഭ്യാസ ആവശ്യകത തന്നെയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് കീഴിലെ സ്കൂളുകൾക്കും ഇത് ബാധകമാണ്. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി അംഗീകൃത ഏജൻസി തയാറാക്കിയ സ്കൂൾ മാപ്പിങ് നിലവിലുണ്ട്. അതിനുവേണ്ടി സർക്കാർ നടപ്പാക്കിയ നടപടിക്രമങ്ങൾ ഹരജിക്കാരായ സ്കൂൾ മാനേജ്മെൻറുകൾ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏഴ് മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് മാപ്പിങ് പ്രക്രിയ പൂർത്തിയാക്കിയത്. സ്കൂളിൽനിന്ന് അപേക്ഷകെൻറ പ്രദേശത്തേക്കുള്ള ദൂരം, കുട്ടികളുടെ വീട്ടിൽനിന്ന് തൊട്ടടുത്ത സ്കൂളിലേക്കുള്ള ദൂരം, തൊട്ടടുത്ത സ്കൂളിൽ വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങൾ, പ്രദേശത്തെ ഒന്നുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം ഇതൊക്കെ വിലയിരുത്തി.
പ്രാദേശികമായി വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ സ്കൂളുകളിൽ അപ്ഗ്രഡേഷന് സാധ്യതയില്ല. ഇൗ സ്കൂളുകൾ വിദ്യാർഥികൾക്ക് അടിയന്തരമായി ടി.സി നൽകണമെന്നും വിദ്യാഭ്യാസ അധികൃതരും സർക്കാറും മറ്റ് സ്കൂളുകളിൽ ഇവർക്ക് പ്രവേശനം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് ഇവരുടെ പ്രവേശനത്തിെൻറകൂടി അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാനും നിർദേശിച്ചു.
അതേസമയം, വിദ്യാഭ്യാസ ആവശ്യകതയില്ലെന്ന കാരണത്താലാണ് ഒാമശ്ശേരി വെളിമണ്ണ ഗവ. മാപ്പിള യു.പി സ്കൂൾ ഹൈസ്കൂളാക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചതെങ്കിലും അംഗപരിമിതനായ മുഹമ്മദ് അസീം എന്ന വിദ്യാർഥിയുടെ ഹരജി പരിഗണിച്ചാണ് കോടതി എട്ടാം ക്ലാസ് അനുവദിക്കാൻ നിർദേശിച്ചത്. അംഗപരിമിത വിദ്യാർഥികൾക്ക് 18 വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂളിലേക്ക് വാഹന സൗകര്യം ഉറപ്പുവരുത്തുകയോ വീട്ടിെലത്തി വിദ്യാഭ്യാസം നൽകുകയോ വേണമെന്ന് കേരള വിദ്യാഭ്യാസ നിയമത്തിൽ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
