ലോ ഫ്ലോർ ബസുകൾ കൂട്ടത്തോടെ പൊളിക്കുന്നു
text_fieldsതിരുവനന്തപുരം: ജനുറം ലോ ഫ്ലോർ ബസുകൾ ആക്രിയായി കണക്കാക്കി പൊളിച്ചുവിൽക്കുന്നു. എറണാകുളം തേവരയിൽ രണ്ട് വർഷത്തിലേറെയായി കിടന്ന 28 എ.സി ബസുകളിൽ 10 എണ്ണമാണ് പൊളിക്കുന്നത്. ഹൈകോടതി നിർദേശാനുസരണമാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 920 നോൺ എ.സി ബസുകൾ പൊളിക്കാൻ കെ.എസ്.ആർ.ടി.സി ബോർഡും തീരുമാനിച്ചു.
2018 മുതൽ തേവര യാർഡിൽ കിടന്നതാണ് എ.സി ബസുകൾ. ഇതിൽ പത്തെണ്ണം പൊളിക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധ സമിതി ശിപാർശ പ്രകാരം തീരുമാനിച്ചു. ബാക്കി ഉപയോഗിക്കും. വാഹനങ്ങൾ ആവശ്യം വരുമ്പോൾ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്മെന്‍റ് നിലപാടെന്നാണ് അവകാശ വാദം. യാർഡിൽ സൂക്ഷിക്കാതെ, കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇത് വിറ്റുകൂടേയെന്ന് ഹൈകോടതി ചോദിച്ച സാഹചര്യത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
ബസുകള്‍ നിരത്തിലിറക്കാൻ 21 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപയും ചെലവഴിക്കണമെന്നായിരുന്നു റിപ്പോർട്ട്. ആകെ, മൂന്നരക്കോടി രൂപ 10 ബസുകൾക്ക് വേണം. മൂന്നരക്കോടി ചെലവിട്ടാലും നിലവിലെ ഡീസല്‍ വിലയിൽ കുറഞ്ഞ മൈലേജുള്ള ബസുകള്‍ ലാഭകരമായി സര്‍വിസ് നടത്താന്‍ കഴിയില്ല. ദീർഘ ദൂര സർവിസിന് ഉപയോഗിക്കാന്‍ കഴിയുന്ന സീറ്റുകളല്ല ഇവക്ക്. ഫിറ്റ്നസ് സര്‍ഫിക്കറ്റ് ലഭിക്കുന്നതുള്‍പ്പെടെ വര്‍ധിച്ച ചെലവും 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് പൊളിക്കാൻ തീരുമാനിച്ചത്.
സീറ്റിന്‍റെ പ്രശ്നവും മൈലേജിന്‍റെ കാര്യവുമൊഴിച്ചാൽ എൻജിൻ ഉൾപ്പെടെയുള്ളവ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണെന്ന് കെ.എസ്.ആർ.ടി.സി പറയുന്നു. എൻജിനും മറ്റ് ഉപയോഗയോഗ്യമായ പാര്‍ട്സും ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്കായി സൂക്ഷിച്ച് ശേഷിക്കുന്ന 18 ബസുകളില്‍ ഉപയോഗപ്പെടുത്തിയാല്‍ രണ്ട് കോടി രൂപ ലാഭിക്കാന്‍ കഴിയും. 1.5 കോടി രൂപയുടെ സ്പെയര്‍പാര്‍ട്സ് കൂടി ലഭ്യമാക്കിയാല്‍ ബസുകള്‍ സര്‍വിസിന് സജ്ജമാക്കാനാകും.
നോൺ എ.സി ബസുകള്‍ 920 എണ്ണം പൊളിക്കാൻ ബോർഡ് അനുമതി നല്‍കി. അതില്‍ 620 ബസുകള്‍ സ്ക്രാപ് ചെയ്ത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ എം.എസ്.ടി.സി മുഖേന ലേലം ചെയ്യും. 300 എണ്ണം ഷോപ് ഓണ്‍ വീല്‍ ആക്കും. സ്ക്രാപ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളില്‍ 300 എണ്ണത്തിന്‍റെ ലേല നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഇതില്‍ 212 എണ്ണം വിറ്റുപോയി. ശേഷിക്കുന്ന ബസുകളുടെ ലേല നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

