വീര്യംകുറഞ്ഞ മദ്യം: നികുതിയിളവിന് മുൻ സർക്കാറിന്‍റെ കാലത്തും നീക്കം
text_fieldsതിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് വിൽപന നികുതിയിളവ് നൽകുന്ന വിഷയത്തിൽ മുൻ സർക്കാറിന്‍റെ കാലത്തും കാര്യമായ നീക്കങ്ങളുണ്ടായി. ആറുമാസത്തെ ഇടവേളയിൽ ഇതുസംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ ജി.എസ്.ടി വകുപ്പിൽനിന്ന് നൽകി. നികുതിയിളവ് നൽകരുതെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിൽ ഇളവാകാം എന്നായിരുന്നു രണ്ടാമത്തേത്ത്. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇക്കാര്യത്തിൽ തിടുക്കത്തിൽ തീരുമാനമെടുത്തില്ല.
യു.ഡി.എഫ് സർക്കാറിന്‍റെ കന്നി ബജറ്റിൽ അതേ വിഷയത്തിലാണ് നികുതിയിളവ് നൽകിയത്. മുൻ സർക്കാറിന്‍റെ കാലത്ത് ഇതിലും കൂടുതൽ നികുതിയിളവാകാമെന്ന ശിപാർശ വന്നിരുന്നതായും അറിയുന്നു.
ബക്കാർഡി പ്രൈവറ്റ് ലിമിറ്റഡ് എന്ന കുത്തകക്കമ്പനിക്ക് ലാഭം കൊയ്യാനാണ് നികുതിയിളവ് നൽകിയതെന്നും അതിനുപിന്നിൽ അഴിമതിയുണ്ടെന്നുമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ ഇപ്പോൾ ആരോപിക്കുന്നത്. അന്ന് ഇളവ് നൽകിയിരുന്നില്ലെന്നും ആ നീക്കവുമായി സർക്കാർ മുന്നോട്ടുപോയില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്.
2022-’23ലെ അബ്കാരി നയത്തിൽ വീര്യംകുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാമെന്ന നിർദേശം വരികയും ഈയിനത്തിലെ മദ്യത്തിന്‍റെ വീര്യം 0.5 ശതമാനം മുതൽ 20 ശതമാനം വരെയാകുമെന്ന് എക്സൈസ് വകുപ്പ് ക്ലാസിഫിക്കേഷൻ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതോടെയാണ് നികുതിയിളവിനായി ബക്കാർഡി കമ്പനി 2023ൽ ജി.എസ്.ടി വകുപ്പ് വഴി അപേക്ഷ നൽകിയത്.
നികുതിയിളവ് ഇപ്പോൾ നൽകേണ്ടെന്നും ആവശ്യമെങ്കിൽ ഒരു വർഷം കാത്തിരുന്നശേഷം തീരുമാനിക്കാമെന്നുമായിരുന്നു ജി.എസ്.ടി വകുപ്പിന്‍റെ ആദ്യ റിപ്പോർട്ട്. ആറുമാസത്തിനുശേഷം നൽകിയ റിപ്പോർട്ടിലെ ശിപാർശയിൽ നികുതിയിളവ് ആകാമെന്ന് വ്യക്തമാക്കിയെന്നാണ് രേഖകൾ. ബിയറിനും ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബാധകമായ നികുതിയുടെ ഇടയിൽ നികുതി നിശ്ചയിക്കാമെന്നും അല്ലെങ്കിൽ വീര്യം കണക്കാക്കി വ്യത്യസ്ത നികുതി നിരക്കുകളാകാമെന്നുമായിരുന്നു ശിപാർശ.
സ്വകാര്യ കമ്പനിയുടെ മദ്യത്തിന് ബിയറിന് തുല്യമായ 116 ശതമാനം നികുതി ഈടാക്കാമെന്ന നിലക്കായിരുന്നു ശിപാർശ. യു.ഡി.എഫ് സർക്കാർ 120 ശതമാനമായാണ് നികുതി കുറച്ചത്. മുൻ സർക്കാറിന്‍റെ കാലത്ത് നടക്കാത്ത കാര്യം നടപ്പാക്കാൻ സ്വകാര്യ കമ്പനി നീക്കം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ ഏഴ് ഉദ്യോഗസ്ഥർ ഈ ഫയൽ കണ്ടെന്ന പ്രതിപക്ഷ ആരോപണവും ഗൗരവതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

