പ്രണയപ്പക; കണ്ണൂരിന്‍റെ നീറുന്ന ഓർമയായി മാനസയും
text_fieldsകണ്ണൂർ: പ്രണയപ്പകയിൽ പാനൂർ വള്ള്യായിൽ വിഷ്ണുപ്രിയ എന്ന പെൺകുട്ടി കഴുത്തറുത്ത് കൊല്ലപ്പെട്ടപ്പോൾ കണ്ണൂരിന്‍റെ നീറുന്ന ഓർമയിൽ മാനസയും. 2021 ജൂലൈ 30നാണ് നാറാത്ത് സ്വദേശിനിയായ മാനസ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സുഹൃത്തായ രഖിലിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനി കോതമംഗലത്തെ നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി. മാനസയെയാണ് (24) സുഹൃത്ത് തലശ്ശേരി മേലൂർ രാഹുൽ നിവാസിൽ രഖിൽ (32) വെടിവെച്ച് കൊലപ്പെടുത്തിയത്. തുടർന്ന് സംഭവസ്ഥലത്തുവെച്ച് രഖിലും സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
ഇരുവരും ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ചാറ്റ് വഴി സൗഹൃദംപുലർത്തിയ മാനസയോട് യുവാവ് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. ഇത് മാനസ നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമായി പൊലീസ് വിശദീകരിച്ചത്.
കണ്ണൂരില്‍വെച്ച് ഇരുവരും തമ്മില്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. തന്നെ രഖിൽ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് മാനസ വീട്ടുകാരെ മുമ്പെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ണൂർ ഡിവൈ.എസ്.പി ഓഫിസിൽ വിളിച്ച് പൊലീസ് താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു.
ഇതിന്‍റെയെല്ലാം പ്രതികാരമായിട്ടായിരുന്നു മാനസ പഠിക്കുന്ന കോതമംഗലത്തെ കോളജിനടുത്തുള്ള വാടകവീട്ടിലെത്തി കൊല നടത്തിയത്. വളരെ ആസൂത്രിതമായ നീക്കത്തിലൂടെയായിരുന്നു അന്ന് രഖിൽ കൊലനടത്തിയത്.
രഖിൽ, ഒരുമാസമായി നെല്ലിക്കുഴിയിൽ യുവതി താമസിച്ചിരുന്ന വീടിനുസമീപം മറ്റൊരു വീട്ടിൽ വാടകക്ക് താമസിച്ചായിരുന്നു കൊലക്കുള്ള ആസൂത്രണം നടത്തിയിരുന്നത്. ഇത്തരത്തിൽ വളരെ ആസൂത്രിതമായാണ് ശനിയാഴ്ച പാനൂരിലെ കൊല നടന്നതും.
വിഷ്ണുപ്രിയ വീട്ടിൽ തനിച്ചായ സമയം മനസ്സിലാക്കിയാണ് പ്രതി സ്ഥലത്തെത്തി കൃത്യം നടത്തി കടന്നുകളഞ്ഞത്. മാനസ കൊല്ലപ്പെട്ട് ഒരുവർഷം കഴിയുമ്പോൾ പ്രണയപ്പകയിൽ നടന്ന മറ്റൊരു അറുകൊല കണ്ണൂരിന്‍റെ നോവാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.