ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദുമുണ്ട് -കേന്ദ്രമന്ത്രി ശോഭ കരന്തലജെ
text_fieldsകൊച്ചി: കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ബിസിനസ് ജിഹാദും ലാൻഡ് ജിഹാദുമുണ്ടെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. മാറിമാറി വരുന്ന എൽ.ഡി.എഫ്-യു.ഡി.എഫ് ഭരണത്തിന് കീഴിൽ കേരളത്തിലെ ജനം ദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിലെ യുവാക്കളും വിദ്യാർഥികളും മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുകയാണ്. ഭയം കാരണം ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളത്തിൽനിന്ന് പലായനം ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.
എന്നാൽ, ഇതിനെ സാധൂകരിക്കുന്ന ഒരു കണക്കുകളും കേന്ദ്രമന്ത്രി പറഞ്ഞില്ല. കേരളത്തെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ വലിയ മാറ്റങ്ങൾ അനിവാര്യമാണ്. കേരളത്തിന്റെ വികസനത്തിന് കൂടുതൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ട്. സംസ്ഥാനത്തെ വിഭവങ്ങൾ, പ്രത്യേകിച്ച് സമുദ്രോൽപ്പന്നങ്ങളും കാർഷിക വിളകളും കയറ്റുമതി ചെയ്യാനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും പ്രയോജനം ലഭിക്കണം. എന്നാൽ, ഭരണ-പ്രതിപക്ഷ മുന്നണികൾ ജനങ്ങളെ സഹായിക്കുന്നതിന് പകരം, അഴിമതിക്ക് വേണ്ടി പരസ്പരം സഹായിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നാൽ ഇവിടെ വികസനം സാധ്യമാകൂ. വികസിത കേരളം, സുരക്ഷിത കേരളം എന്നതാണ് എൻ.ഡി.എ സർക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് മുഴുവൻ ഒന്നിച്ചുനിൽക്കുന്ന ഇന്ത്യാ മുന്നണിയിലെ പാർട്ടികൾ കേരളത്തിൽ പരസ്പരം പോരടിക്കുന്നത് വെറും നാടകമാണെന്നും അവർ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി, ബി.ഡി.ജെ.എസ്, ട്വന്റി-20 തുടങ്ങിയ പാർട്ടികൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കും എൻ.ജി.ഒകൾക്കും തിരിച്ചടിയാകുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ നടപടികളെ മന്ത്രി ന്യായീകരിച്ചു. വിദേശ സംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ചും ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്. നിയമവിരുദ്ധമായി ഫണ്ട് സ്വീകരിക്കുന്നവർക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ. നിയമപരമായി വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ.ജി.ഒകൾക്ക് തങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുമായി ഒരു തടസവുമില്ലാതെ മുന്നോട്ട് പോകാമെന്നും അവർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി വട്ടിയൂര്‍ക്കാവ് എന്‍.ഡി.എ സ്ഥാനാര്‍ഥിയും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രംഗത്തുവന്നിരുന്നു. ‘ലവ് ജിഹാദ്’ പോലെയുള്ള കുറ്റകൃത്യം കേരളത്തിൽ നടക്കുമ്പോള്‍ കണ്ണടക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സ്ത്രീ സുരക്ഷക്ക് സംസ്ഥാനത്ത് പ്രധാന്യമില്ലാത്തത് അതുകൊണ്ടാണെന്നും ശ്രീലേഖ പറഞ്ഞു. ബ്രഞ്ച് വിത്ത് ശ്രീലേഖ എന്ന പരിപാടിയില്‍ സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്.
സമീപകാലത്ത് മന്ത്രിയുടെ ഭാര്യക്ക് ദുരനുഭവം ഉണ്ടായപ്പോള്‍ നേരിട്ടു വിളിച്ചിട്ടുപോലും പൊലീസ് ഇടപെട്ടില്ലെന്നും ശ്രീലേഖ ആരോപിച്ചു. ലവ് ജിഹാദ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ സർക്കാർ കണ്ണടക്കുകയാണ്. ദൈവവിശ്വാസമില്ലാത്ത സര്‍ക്കാരും മന്ത്രിമാരും ഭരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കാറില്ല. 2021ല്‍നിന്ന് 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം അഞ്ചിരട്ടിയാണ് വര്‍ധിച്ചത്. കേരളത്തില്‍ അതിന് പ്രോത്സാഹനം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ കുറ്റം നടത്തുന്നത് കൊണ്ടു കുഴപ്പമില്ല എന്നുള്ള മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് ഞാന്‍ പലപ്പോഴും കാണുന്ന കാര്യമാണ്.
വട്ടിയൂര്‍ക്കാവിൽ എം.എല്‍.എ ആയാല്‍ എന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഉന്നമനം കിട്ടണമെന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മാറി വിശ്വാസികളുടെ സര്‍ക്കാര്‍ വരണം. എന്‍.ഡി.എ ഭരണത്തില്‍ വന്ന് കഴിഞ്ഞാല്‍ മാത്രമേ കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ ഉണ്ടാവുകയുള്ളൂവെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

