
ലവ് ജിഹാദും മതരാഷ്ട്ര തീവ്രവാദ ആരോപണവും: പി.സി. ജോർജിനെതിരെ നടപടി വേണം -ജമാഅത്ത് കൗൺസിൽ
text_fieldsകൊച്ചി: ഇല്ലാത്ത ലവ് ജിഹാദും മതരാഷ്ട്ര തീവ്രവാദ ആരോപണവും ഒരു സമുദായത്തിനുനേരെ ഉന്നയിച്ച് ഭൂരിപക്ഷ സമൂഹത്തിെൻറ പിന്തുണ നേടാനുള്ള ഹീനശ്രമമാണ് പി.സി. ജോർജ് നടത്തുന്നതെന്നും ഇതിനെതിരെ കേരള സമൂഹവും ഭരണകൂടവും കരുതിയിരിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്തതുകൊണ്ടാണ് ഹിന്ദു രാഷ്ട്രവാദം ഉയർത്തുന്നത്. ഇയാൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കാരോത്തുകുഴി ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ഐ. പരീത്, സീനിയർ വൈസ് പ്രസിഡൻറ് മാവുടി മുഹമ്മദ് ഹാജി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് വെട്ടത്ത്, പള്ളിക്കര കുഞ്ഞുമുഹമ്മദ് ഹാജി, ജസീൽ തോട്ടത്തിക്കുളം, അസീസ് മൂക്കിലൻ, എൻ.കെ. മുഹമ്മദ് ഹാജി, ജബ്ബാർ മാസ്റ്റർ, അബ്ദുല്ല മാറമ്പള്ളി, ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എം. സെയ്ദ് സ്വാഗതം പറഞ്ഞു.
