‘ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിമാരാകുന്നു’ -വിമർശനവുമായി മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsപി.സി. വിഷ്ണുനാഥ്
അമ്പലപ്പുഴ: ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിമാരാകുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മൈക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ മറ്റൊരു കലാരൂപമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂനിയൻ സംസ്ഥാന വാർഷിക സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
‘രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയന്ത്രണത്തിൽ മാറ്റം വരുത്തും. കലാകാരന്മാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ നിയന്ത്രണത്തിന്റെ സമയപരിധി കൂട്ടും. നിലവിൽ രാത്രി 10 ന് ഉച്ചഭാഷിണികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിയമം. നിയമത്തിൽ ഭേദഗതി വരുത്തി സമയം ദീർഘിപ്പിക്കും.’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ പ്രാധാന്യം നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. സിനിമ നയവും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സമയക്രമത്തിൽ ആവശ്യമായ ഇളവുകൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
ജി. സുധാകരൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സഭയിൽ പുതുമുഖങ്ങളായിരുന്ന കാലത്തെ അനുഭവങ്ങളും ജി. സുധാകരൻ നൽകിയ പിന്തുണയും അദ്ദേഹം വേദിയിൽ അനുസ്മരിച്ചു.
അതേസമയം, സംസ്കാരമുള്ള സാംസ്കാരിക മന്ത്രിയാണ് പി.സി. വിഷ്ണുനാഥെന്ന്, ചടങ്ങിൽ സംസാരിക്കവെ ജി. സുധാകരൻ പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ സംസ്കാരത്തിന് യോജിക്കാത്ത തരത്തിൽ രാഷ്ട്രീയ എതിരാളികളുമായി ഗുസ്തി നടത്തുന്നവരായിരുന്നു സാംസ്കാരിക മന്ത്രിയായി ഉണ്ടായിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി രാഷ്ടീയത്തെ ശുദ്ധമായി കൈകാര്യം ചെയ്യുന്നയാളാണ് വിഷ്ണുനാഥെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
നിയമസഭയിലെയും പൊതുവേദികളിലെയും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ സമയപരിധികൾ സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് മന്ത്രിയുടെ ഈ പരാമർശവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂടിയാലോചനകളുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

