പ്രതിഷേധത്തിന് വഴങ്ങി സർക്കാർ; കലോത്സവവേദിയിൽ ‘ഡാലിയ’ക്ക് പകരം താമര
text_fieldsതൃശൂര്‍: യുവമോർച്ചയും ബി.ജെ.പിയും ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികളുടെ പേരിൽ ‘താമര’ ഉൾപ്പെടുത്താൻ തീരുമാനം. ‘ഡാലിയ’ എന്ന് പേരു നൽകിയ ഹോളിഫാമിലി സി.ജി.എച്ച്.എസ്.എസിലെ 15ാം നമ്പര്‍ വേദിക്കാണ് താമരയുടെ പേര് നല്‍കിയത്. വേദികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ താമരയെ ഒഴിവാക്കിയതില്‍ പ്രതിഷേധമുയർത്തിയിരുന്നു.
വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്ത യോഗം നടന്ന ടൗണ്‍ഹാളിലേക്ക് താമരപ്പൂവുമായാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്. ഒരു പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതിനാലാണ് താമരയെ ഒഴിവാക്കിയതെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇതിലുള്ള വിവാദം തുടരുന്നത് ഗുണകരമല്ലെന്ന വിലയിരുത്തലിലാണ് പേരുമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് തയാറായതെന്നാണ് സൂചന. മുമ്പ് കലോത്സവവേദികള്‍ക്ക് പേര് നല്‍കിയപ്പോള്‍ താമരയുടെ പേര് ഒഴിവാക്കിയിരുന്നുവെന്നും അതേ മാനദണ്ഡം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ വിശദീകരണം.
കുട്ടികളുടെ കലാമേളയാണ് നടക്കുന്നത്. ഇത് പ്രതിഷേധവും വഴക്കും മറ്റുമായി നടക്കേണ്ടതല്ല. താമരയുടെ പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അംഗീകരിക്കുകയായിരുന്നു. ഇതിൽ കൂടുതല്‍ വിവാദത്തിനില്ലെന്നും ഇന്നലെ കലോത്സവ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്തസമ്മേളനത്തില്‍ ശിവന്‍കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

