സ്റ്റാൻലി ചേട്ടന് 'ലോട്ടറിയടിച്ചു'; പിന്നാലെ പൊലീസെത്തി
text_fieldsതൃശൂർ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് മാറി പണമാക്കാനെത്തിയ വയോധികൻ പണത്തിനായി കാത്തിരിക്കുന്നതിനിടെ പൊലീസെത്തി പിടികൂടി. കഴിഞ്ഞ ദിവസം തൃശൂരിലാണ് നാടകീയ സംഭവം. പൂങ്കുന്നത്ത് കട കുത്തിത്തുറന്ന് ലോട്ടറിയും പണവും കവർന്ന കേസിലെ പ്രതിയെയാണ് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മാടം സ്വദേശി സ്റ്റാൻലി ആണ് അറസ്റ്റിലായത്. തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപനശാലയിലാണ് സ്റ്റാൻലി കവർച്ച ചെയ്ത ലോട്ടറി മാറ്റിയെടുത്ത് പണം വാങ്ങാനെത്തിയത്.
ഇക്കഴിഞ്ഞ 25നാണ് പൂങ്കുന്നം കുട്ടൻകുളങ്ങരയിൽ പലചരക്കുകടയുടെ ഷട്ടർ പൊളിച്ച് കടയുടെ അകത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപനക്ക് വെച്ചിരുന്ന ഏതാനും ലോട്ടറി ടിക്കറ്റുകളും കവർച്ച ചെയ്തത്. വെസ്റ്റ് പൊലീസ് േകസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. മോഷ്ടിക്കപ്പെട്ട ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടന്നു. അതിൽ നഷ്ടപ്പെട്ട ഒരേ സിരീസിലുള്ള 12 ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചു. ഇങ്ങനെ 60,000 രൂപയുടെ സമ്മാനമാണ് നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റിന് ലഭിച്ചത്.
മോഷണം പോയ ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ളതിനാൽ പണമാക്കുന്നതിന് ലോട്ടറി വിൽപന ശാലകളിൽ എത്തുമെന്ന് വ്യക്തമായിരുന്നതിനാൽ ലോട്ടറി വിൽപന ശാലകൾക്ക് പൊലീസ് വിവരം കൈമാറിയിരുന്നു. സമ്മാനം ലഭിച്ച ടിക്കറ്റുമായി പണം വാങ്ങാനെത്തിയ സ്റ്റാൻലിയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ പരിശോധിക്കാൻ വാങ്ങിയ ജീവനക്കാരൻ നമ്പർ മനസ്സിലാക്കി പൊലീസിന് വിവരം കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെ ഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റുകളും മോഷണം ചെയ്തതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ ലോട്ടറി വിൽപന ശാലയിലെത്തിയ ആളെ പൊലീസെത്തി പിടിച്ചു കൊണ്ടു പോവുന്നത് എന്തിനെന്നറിയാതെ ആളുകളും അമ്പരന്നു. പിന്നാലെയാണ് കഥയറിഞ്ഞത്.