ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: പ്രതികൾ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടിയുടെ വൻ തട്ടിപ്പിൽ നിർണായക വിവരം പുറത്ത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ കോടികളുടെ സ്വത്ത് വാങ്ങിയതായും അന്വേഷണം അട്ടിമറിക്കാൻ വ്യാജരേഖ ചമച്ചതായും വിജിലൻസ് കണ്ടെത്തി. ഒന്നാം പ്രതിയും ക്ലാർക്കുമായ സംഗീതിന്റെ സഹോദരൻ സമ്പത്തിനെ കേസിൽ മൂന്നാം പ്രതിയാക്കി.
ലോട്ടറി തൊഴിലാളികൾ അടക്കുന്ന അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്ത് അനിൽകുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് സംഗീത് തട്ടിപ്പ് നടത്തിയത്.
തട്ടിയെടുത്ത 14 കോടി രൂപ ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫിസിൽ മാത്രം 45 രജിസ്ട്രേഷനുകൾ നടത്തി. ഇടനിലക്കാരനായ അനിൽ ഈ പണം ഉപയോഗിച്ച് നിർമാണകമ്പനി ആരംഭിക്കുകയും ബാങ്കിൽ ഫിക്സഡ് ഡെപോസിറ്റ് ഇടുകയും ചെയ്തു. ഇതിൽ നിന്ന് ഓവർ ഡ്രാഫ്റ്റെടുത്താണ് സംഗീതിന്റെ സഹോദരൻ സമ്പത്തിന് നൽകിയത്. ബോർഡ് സി.ഇ.ഒമാരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ പോലും വ്യാജരേഖ നിർമിച്ച് ബാങ്കിൽ നിന്ന് പണം പിൻവലിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ പല വഴികളും നോക്കിയതായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. ആദ്യം അർബുദ രോഗിയാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി. പിന്നീട് മാനസിക രോഗിയാണെന്ന സർട്ടിഫിക്കറ്റും നൽകി. രണ്ട് സ്വകാര്യ ആശുപത്രികളാണ് ഇതിന് കൂട്ടുനിന്നത്. സംഗീതിന്റെ ഭാര്യ നൽകിയ വിവാഹമോചന നോട്ടീസും സംശയനിഴലിലാണ്. ഈ നോട്ടീസ് തയാറാക്കിയത് മൂന്നാം പ്രതിയായ സമ്പത്താണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ വിജിലൻസ്
തിരുവനന്തപുരം: വ്യാജ രേഖ സൃഷ്ടിച്ച് ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്ന് 14 കോടി രൂപ തട്ടിയ കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാതെ വിജിലൻസ് മടങ്ങി. കേസിൽ അറസ്റ്റിലായ എൽ.ഡി ക്ലർക്ക് കെ. സംഗീത്, കരാറുകാരൻ അനിൽ കുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം കോടതിയിൽ എത്തിയപ്പോൾ ഒന്നാം പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്നും ആശുപത്രിയിൽ ആണെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മാനസിക പ്രശ്നമുമുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാൽ ചോദ്യംചെയ്യാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു. സർക്കാർ പണം കവർന്ന സമയത്ത് മാനസിക പ്രശ്നം ഇല്ലായിരുന്നല്ലോ? പൊലീസ് പിടികൂടിയപ്പോഴാണോ ഇത്തരം വാദങ്ങൾ പറയുന്നതെന്നും കോടതി പ്രതിഭാഗത്തോട് ആരാഞ്ഞു. രണ്ടാം പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയെങ്കിലും രണ്ടുപ്രതികളെയും ഒരുമിച്ച് ലഭിക്കണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തുടർന്ന് ഒന്നാം പ്രതിയുടെ മാനസിക പ്രശ്നത്തെകുറിച്ച മെഡിക്കൽ റിപോർട്ട് വെള്ളിയാഴ്ച ഹാജരാക്കാൻ വിജിലൻസിനോട് നിർദേശിച്ചു. ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്ന് കോടതി നിലപാട് സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

