ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വിൽപ്പനക്കാരിയിൽനിന്ന് പണം തട്ടി; ‘0’ തിരുത്തി ‘9’ ആക്കി, തട്ടിയെടുത്തത് 4000 രൂപ
text_fieldsകൊല്ലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വയോധികയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കൊല്ലം മയ്യനാട് ധവളക്കുഴി സ്വദേശിനിയായ 62കാരി അമ്പിളിയമ്മയാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് അപരിചിതനായ യുവാവ് ലോട്ടറി നമ്പർ തിരുത്തി 4000 രൂപ തട്ടിയെടുത്തത്.
കാരിക്കുഴിക്കും താന്നി മുക്കിനും മധ്യേ വലിയതോട്ടത്ത് കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് യുവാവ് വയോധികയുടെ സമീപമെത്തുകയും തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ഉണ്ടെന്നും ഇത് എടുത്ത ശേഷം ബാക്കി പണവും ലോട്ടറിയും നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് നമ്പർ പരിശോധിച്ച ശേഷം അമ്പിളി 4000 രൂപ നൽകി. യുവാവ് അമ്പിളിയുടെ കൈയിൽനിന്ന് 100 രൂപയുടെ ലോട്ടറി എടുക്കുകയും ചെയ്തു.
വൈകുന്നേരത്തോടെ ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തി പരിശോധിക്കുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് മനസിലായതെന്ന് അമ്പിളിയമ്മ പറയുന്നു. 00 എന്ന നമ്പറുകൾ തിരുത്തി 9 ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
കിടപ്പുരോഗിയായ ഭർത്താവിന്റെ മരുന്നിനും വീട്ടുചെലവിനും വേണ്ടിയാണ് അമ്പിളിയമ്മ ലോട്ടറി വിൽപ്പന നടത്തുന്നത്. സംഭവത്തിൽ അമ്പിളിയമ്മ ഇരവിപുരം പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

