ലോട്ടറി നമ്പർ മാറ്റി ഒട്ടിച്ച് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ
text_fieldsനിലമ്പൂർ: കേരള സർക്കാർ ലോട്ടറി ടിക്കറ്റിൽ നമ്പർ മാറ്റി ഒട്ടിച്ച് ചെറുകിട കച്ചവടക്കാരിൽനിന്ന് പണം തട്ടുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. വഴിക്കടവ് മണിമൂളി സ്വദേശികാളായ അധികാരത്ത് സിയാവുദ്ദീൻ (40), പാന്താർ അസ്റാക് (32) എന്നിവരെയാണ് നിലമ്പൂർ എസ്.ഐ എം. അസൈനാരും സംഘവും അറസ്റ്റ് ചെയ്തത്.
അയ്യായിരത്തിൽ താഴെ രൂപയുടെ സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകൾ സമ്മാനമില്ലാത്ത ടിക്കറ്റിൽ തിരിച്ചറിയാത്ത വിധം ഒട്ടിച്ചാണ് സ്ത്രീകളും പ്രായമായവരുമായ ലോട്ടറി വിൽപനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത്.
നിലമ്പൂർ സി.പി ലോട്ടറീസ് ഉടമ കല്ലേമ്പാടം ചെറുകാട് സജിയുടെ ലോട്ടറി കടയിൽനിന്ന് ഇത്തരത്തിൽ പണം തട്ടിയിരുന്നു. പിന്നീട് സൂക്ഷ്മ പരിശോധനയിൽ ഒരു നമ്പർ മാറ്റി ഒട്ടിച്ചതാണെന്ന് കണ്ടെത്തി. അപ്പോഴേക്കും പ്രതികൾ സ്ഥലം വിട്ടിരുന്നു. നിരവധി പേർ ഇത്തരത്തിൽ ഇരയാകുന്നതറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും സംശയിക്കുന്ന ആളുകളെയും നിരീക്ഷണം നടത്തിവരുന്നതിനിടെ പ്രതികൾ ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിന് ജില്ല കോടതിയെ സമീപിച്ച പ്രതികളോട് സ്റ്റേഷനിൽ കീഴടങ്ങാൻ ഉത്തരവിടുകയായിരുന്നു.
കീഴടങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം 25,000 രൂപയുടെ ബോണ്ടിൽ കർശന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടു. നിലമ്പൂർ സി.ഐ ടി.എസ്. ബിനുവിെൻറ നേതൃത്വത്തിൽ എസ്.ഐ എം. അസൈനാർ, സീനിയർ സി.പി.ഒ പി.കെ. മുഹമ്മദലി, സി.പി.ഒ പി. സുജേഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.