പുതിയ സെക്രട്ടറിക്ക് വെല്ലുവിളികളേറെ
text_fieldsതിരുവനന്തപുരം: പാർട്ടിയും ഭരണവും പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുേമ്പാഴാണ് സി.പി.എം സംസ്ഥാന ഘടകത്തെ നയിക്കാനുള്ള ചുമതല എ. വിജയരാഘവനിൽ വന്നുചേർന്നത്. നാവുപിഴയിലൂടെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള വിജയരാഘവന് പുതിയ ചുമതലയിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് തന്നെത്തന്നെയാകും. നിയമസഭാ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലായ തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും കേടുപാടില്ലാതെ നയിക്കാനുള്ള ചുമതലകൂടിയാണ് നേതൃത്വം ഏൽപിച്ചത്. കൂട്ടായ നേതൃത്വത്തിെൻറ ഭൂരിപക്ഷ തീരുമാനമാണ് സി.പി.എമ്മിൽ നടപ്പാകാറുള്ളതെങ്കിലും സംഘടനക്കുള്ളിലും മുന്നണിയിലും വലിയ റോളാണ് സെക്രട്ടറിക്ക് വഹിക്കാനുള്ളത്. തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എം സംഘടനാ സംവിധാനത്തെ ചടുലമായി ചലിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് ആദ്യം നിർവഹിക്കേണ്ടത്.
നവംബർ ആറിനും ഏഴിനും ചേർന്ന സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും സംസ്ഥാന സമിതിയിലും കോടിയേരിയുടെ അവധിയെക്കുറിച്ച് സൂചനയില്ലായിരുന്നു. ഏഴിന് ഒാൺലൈനായി മാധ്യമപ്രവർത്തകരെ കണ്ട കോടിയേരിക്ക് മക്കൾവിവാദം സംബന്ധിച്ച ചോദ്യങ്ങൾ നിരന്തരം അഭിമുഖീകരിക്കേണ്ടിവന്നു. താൻ സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിലാണ് സംസാരിക്കുന്നതെന്ന് വിശദീകരിച്ചാണ് മകനെക്കുറിച്ച ചോദ്യങ്ങളിൽനിന്ന് അകലം പാലിച്ചത്.
എന്നാൽ, രാഷ്ട്രീയ എതിരാളികളുടെ കടന്നാക്രമണം തുടർന്നു. ഇതിനുകൂടിയാണ് താൽക്കാലികമായെങ്കിലും വിരാമമിടാൻ സി.പി.എം ശ്രമിക്കുന്നത്.തങ്ങളുടെ ആരോപണത്തിെൻറ വിജയമായി യു.ഡി.എഫും ബി.ജെ.പിയും കോടിയേരിയുടെ അവധിയെ വ്യാഖ്യാനിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന മുദ്രാവാക്യമുയർത്തി നവംബർ 16ന് എൽ.ഡി.എഫ് നടത്തുന്ന പ്രതിഷേധത്തോടെ സി.പി.എമ്മിെൻറ പ്രത്യാക്രമണത്തിന് തുടക്കമാകും. ഇത് മുന്നിൽനിന്ന് നയിക്കേണ്ടത് വിജയരാഘവനാണ്.
കോടിയേരിയുടെ അവധിയോടെ സർക്കാറിെൻറയും പാർട്ടിയുടെയും മുന്നണിയുടെയും ഏകമുഖം മുഖ്യമന്ത്രി പിണറായി വിജയനായി മാറും.അതോടെ ആക്രമണത്തിെൻറ കേന്ദ്ര ബിന്ദുവായി പിണറായി മാറും. ആ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കുവേണ്ടി പ്രതിരോധം തീർക്കേണ്ട ഭാരിച്ച ഉത്തരവാദിത്തവും പാർട്ടിക്കുണ്ട്.