വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ വിസയും പാർസ്പോർട്ടും പണവും നഷ്ടപ്പെട്ടു; രക്ഷകരായി ആർ.പി.എഫ്
text_fieldsദുബൈയിലേക്ക് യാത്ര തിരിക്കുന്ന ശാന്തമ്മ
കോട്ടയം: വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ട്രെയിനിൽ നിന്ന് വീണുപോയ വിസയും പാർസ്പോർട്ടും പണവും റെയിൽവേ സംരക്ഷണ സേനയുടെ(ആർ.പി.എഫ്)യുടെ സമയോചിതമായ ഇടപെടലിൽ തിരിച്ചുകിട്ടി. ദുബൈയിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട പത്തനംതിട്ട ചാലപ്പള്ളി രാജുവിന്റെ ഭാര്യ ശാന്തമ്മയുടെ രേഖകളാണ് നഷ്ടപ്പെട്ടത്.
സന്ദര്‍ശക വിസയില്‍ ജോലിതേടി ദുബായിലേയ്കുള്ള യാത്രയിലായിരുന്നു ശാന്തമ്മ. വ്യാഴാഴ്ച രാത്രി ഏഴരയോടെ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ്സിലെ ജനറല്‍ ബോഗിയില്‍നിന്നാണ് ബാഗ് തുറന്നപ്പോൾ താഴെവീണു പോയത്. വിസ, പാസ്‌പോര്‍ട്ട്, വിമാനടിക്കറ്റ്, 3000 ദിര്‍ഹം (72,000രൂപ) എന്നിവയാണ് നഷ്ടപ്പെട്ടത്.
ട്രെയിൻ ചിങ്ങവനം സ്റ്റേഷന്‍ പിന്നിട്ടയുടനെയാണ് വീണുപോയത്. എന്നാൽ എവിടെയാണ് വീണതെന്ന് കൃത്യമായി അറിയാതെ പരിഭ്രാന്തരായ ശാന്തമ്മക്ക് സഹയാത്രക്കാരൻ ലൈവ് ലൊക്കേഷൻ കണ്ടെത്തി നൽകിയിരുന്നു. തുടർന്ന് ശാന്തമ്മയുടെ ഭർത്താവ് രാജു ആർ.പി.എഫിന്റെ സഹായം തേടി.
ആർ.പി.എഫ് കോണ്‍സ്റ്റബിള്‍ ഷിബു
ഡ്യുട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഷിബുവിനോട് വിവരം പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എന്‍.എസ് സന്തോഷിന്റെ നിര്‍ദേശപ്രകാരം ഷിബു സ്വന്തം ബൈക്കില്‍ ഭര്‍ത്താവിനെയുംകൂട്ടി സംഭവസ്ഥലത്തേയ്ക്കു കുതിച്ചു. ലൈവ് ലൊക്കേഷൻ തേടി ട്രാക്കിലെത്തിയെങ്കിലും ആദ്യം രേഖകൾ കണ്ടെത്താനായിരുന്നില്ല. ട്രെയിൻ വേഗതയിലായിരുന്നതിനാൽ ലൈവ് ലൊക്കേഷനിൽ ചെറിയ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാക്കിയ ഇവർ കുറച്ചു ദൂരം മുന്നോട്ടു നടക്കുകയായിരുന്നു. ആ തീരുമാനം തെറ്റിയില്ല.
ട്രാക്കിൽ നിന്ന് അൽപം മാറി 500 ദിർഹമൊഴികെയുള്ള മുഴുവൻ രേഖകളും കണ്ടെടുത്തു. തുടർന്ന് ഇവർ ഒരു ടാക്സി പിടിച്ച് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഈ സമയം ഇൻസ്പെക്ടർ എൻ.എസ് സന്തോഷ് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട വൈകിയെത്തിയാലുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കൃത്യസമയത്ത് തന്നെ രേഖകളുമായി അവർ എത്തിയതോടെ ശാന്തമ്മക്ക് അതേവിമാനത്തിൽ യാത്രതിരിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

